കണ്ണൂര്‍: മനസിലേറെ നാളുകളായി ആഗ്രഹിച്ചത് സാധ്യമാക്കിയിരിക്കുന്നു ഫാത്തിമ ശെഹബ. മനോഹരമായ ലിപികളാല്‍ പൂര്‍ത്തിയാക്കിയത് വിശുദ്ധ ഖുര്‍ആനിന്‍റെ കൈയെഴുത്ത് പ്രതി. ഒരു വര്‍ഷവും രണ്ട് മാസവുമെടുത്താണ് സ്വന്തം കൈപ്പടയില്‍ ഖുര്‍ആനിന്‍റെ ഒരു ഗ്രന്ഥരൂപം ഒരുക്കിയത്. ലക്ഷ്യം സാക്ഷാത്കരിച്ച ഫാത്തിമയുടെ സന്തോഷത്തിനൊപ്പം നാടും ചേരുമ്പോള്‍ ആഹ്ളാദ നിറവിലാണ് കുടുംബം. സോഷ്യല്‍ മീഡിയയിലുടെ ഖുര്‍ആൻ പ്രചരിച്ചതോടെ ഈ വിസ്മയ നേട്ടത്തെ അന്തര്‍ദേശീയ മാധ്യമങ്ങളും വാര്‍ത്തയാക്കി കഴിഞ്ഞു.
ശ്രമകരമായിരുന്നു ഖുര്‍ആന്‍ മുഴുവനായി എഴുതി തയ്യാറാക്കുകയെന്ന ദൗത്യം. തുടക്കത്തില്‍ ചുരുങ്ങിയ സമയമാണ് ചെലവഴിച്ചതെങ്കില്‍ പിന്നീട് ദിവസേന മൂന്ന് മുതല്‍ നാല് മണിക്കൂര്‍ വരെ നേരമിരുന്നാണ് ഓരോ അധ്യായങ്ങളും അതീവ സൂക്ഷ്മതയോടെ ഉസ്മാനി ലിപിയില്‍ എഴുതിയത്. 607 പേജുകൾ, വാക്കോ വരിയോ ചിഹ്നങ്ങളോ തെറ്റാതെ സൂറത്തുകൾ (അധ്യായങ്ങള്‍) മുറിയാതെ, അർഥങ്ങളോ, ഒഴുക്കോ വ്യതിചലിക്കാത്ത ഖുർആന്‍റെ സമ്പൂർണ കൈയെഴുത്ത് പതിപ്പാണിത്. ഫാത്തിമ ഇത് ആര്‍ക്കും കൈമാറാൻ ഉദ്ദേശിക്കുന്നില്ല. പകര്‍പ്പ് ആവശ്യമുള്ളവര്‍ക്ക് നല്‍കും.
കാലിഗ്രഫിയില്‍ നേരത്തെ ഫാത്തിഹ, (ഖുര്‍ആനിലെ ആദ്യ അധ്യായം) ആയത്തുല്‍ കുര്‍സി (ഖുര്‍ആനിലെ രണ്ടാം അധ്യായത്തിലെ ഏറ്റവും ശ്രേഷ്ഠമായ ഭാഗം), സൂറത്തുല്‍ കൗസര്‍ (108മത്തെ അധ്യായം) തുടങ്ങിയവയും ചെയ്‌തിട്ടുണ്ട് ഈ മിടുക്കി. പത്താം ക്ലാസ് വരെ മസ്‌കറ്റിലെ ഇന്ത്യന്‍ സ്‌കൂളിലാണ് പഠിച്ചത്. പ്ലസ്ടു പൂര്‍ത്തിയാക്കിയതിനു പിന്നാലെ സ്വകാര്യ സ്ഥാപനത്തില്‍ ഇന്റീരിയര്‍ ഡിസൈനിങ് പഠിക്കുന്നു. പിതാവ് അബ്ദുര്‍ റഹൂഫ് വിദേശത്ത് ജോലി ചെയ്യുകയാണ്. നാദിയാണ് ഉമ്മ. എട്ടാം ക്ലാസ് വിദ്യാര്‍ഥിനി സഫയും ഏഴാം ക്ലാസുകാരന്‍ മുഹമ്മദും സഹോദരങ്ങളാണ്.