കണ്ണൂർ: കനത്ത മഴയിൽ ജനജീവിതം ദുസഹമായി തളിപറമ്പ് പ്രദേശം. ഏറ്റവും തിരക്കേറിയ മാർക്കറ്റ് റോഡ് നിറഞ്ഞ് കവിഞ്ഞതോടെ കടകളും പെട്രോൾ പമ്പുകളടക്കം വെള്ളം കയറി. കാക്കത്തോട് വഴിയുള്ള റോഡരികിലെ വീടുകളിലും വെള്ളം കയറി.
മന്ന, കാര്യമ്പലം ഭാഗത്ത് നിന്ന് ഒഴുകി എത്തുന്ന വെള്ളമാണ് റോഡിനെ തോടാക്കിയത്. അശാസ്ത്രീയമായ റോഡ് നിർമാണവും ഓവുകൾ നിറഞ്ഞ് കവിഞ്ഞതും വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണമായി. റോഡുകളിൽ വെള്ളം കയറിതോടെ വാഹനങ്ങൾ തള്ളി നീക്കേണ്ട അവസ്ഥയാണ്. മഴ ശക്തമായി തുടരുന്നതിനാൽ വെള്ളക്കെട്ട് അനുബന്ധ പ്രദേശങ്ങളിലേക്കും വ്യാപിക്കുകയാണ്. കണ്ണൂർ നഗരത്തിന്റെ സമീപ പ്രദേശങ്ങളിലെ കുടുംബങ്ങൾ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിൽ തുടരുകയാണ്. നൂറിലേറെ പേരാണ് രണ്ട് സ്കൂളുകളിലായി കഴിയുന്നത്. ഇരിട്ടിൽ ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് കാണാതായ മണിക്കടവ് സ്വദേശി ലിതീഷനായി തിരച്ചിൽ തുടരുകയാണ്.