കണ്ണൂർ: അത്യപൂർവമായി മാത്രം നടക്കുന്ന കോർട്ട് മാർഷലിന് സാക്ഷിയായി കണ്ണൂർ ഏഴിമല നാവിക അക്കാദമി. പ്രതിരോധ സേനാംഗങ്ങൾ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടാൽ നീതിനടപ്പാക്കാനുള്ള പ്രത്യേക കുറ്റ വിചാരണാ രീതിയാണ് കോർട്ട് മാർഷൽ.
അശ്രദ്ധമായി വാഹനമോടിച്ച് ഒരാൾ കൊല്ലപ്പെട്ട കേസിൽ ക്യാപ്റ്റൻ ചന്ദ്രപ്രകാശ് റെഡ്ഡിയ്ക്കെതിരെയാണ് വിചാരണ. പയ്യന്നൂരില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് മത്സ്യത്തൊഴിലാളി മരിച്ച സംഭവത്തിലാണ് ഏഴിമല നാവിക അക്കാദമിയിലെ ക്യാപ്റ്റൻ ചന്ദ്രപ്രകാശ് റെഡ്ഡിയെ കോര്‍ട്ട് മാര്‍ഷലിന് വിധേയനാക്കുന്നത്. 2020 ജനുവരി 12ന് രാത്രി 7.45ന് പയ്യന്നൂര്‍ പുഞ്ചക്കാടായിരുന്നു കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടം.
കുന്നരു സ്വദേശിയും പുഞ്ചക്കാട് വാടക ക്വാേർട്ടേഴ്‌സിലെ താമസക്കാരനുമായ ഭഗവതി പറമ്പില്‍ ഭുവനചന്ദ്രനാണ് അപകടത്തെ തുടര്‍ന്ന് മരിച്ചത്. ഭുവനചന്ദ്രന്‍റെ മരണത്തിനിടയാക്കിയ അപകടത്തില്‍ നേവി ക്യാപ്റ്റനെതിരെ പൊലീസ് കേസെടുത്തിരുന്നു. പ്രതിരോധ വകുപ്പിലെ സേനാംഗങ്ങള്‍ കുറ്റകൃത്യത്തിലുള്‍പ്പെട്ടാല്‍ കുറ്റവാളികളെ വിചാരണ ചെയ്യുന്നതിനായാണ് കോര്‍ട്ട് മാര്‍ഷല്‍ നടക്കുന്നത്. നാട്ടുകാരായ സാക്ഷികളില്‍നിന്ന് നേരത്തെ മൊഴിയെടുത്തിരുന്നു. കോര്‍ട്ട് മാര്‍ഷലിന് ശേഷം സൈനിക കോടതി ശിക്ഷവിധിക്കും.