കണ്ണൂര്‍: ധർമടം ബ്രണ്ണൻ കോളജിൽ സ്ഥാപിച്ച കൊടിമരം പിഴുത് മാറ്റിയ പ്രിൻസിപ്പലിനെതിരെ പ്രതിഷേധവുമായി എബിവിപി. പ്രിൻസിപ്പലിന്‍റെ വീട്ടിലേക്ക് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. വിശാൽ അനുസ്‌മരണവുമായി ബന്ധപ്പെട്ട് എബിവിപി കോളജിൽ ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ചടങ്ങിന് വേണ്ടി സ്ഥാപിച്ച കൊടിമരം മാറ്റാൻ പൊലീസും പ്രിൻസിപ്പലും ആവശ്യപ്പെട്ടെങ്കിലും വിദ്യാർഥികൾ തയ്യാറായില്ല. തുടർന്ന് പ്രിൻസിപ്പലിന്‍റെ ചുമതലയുള്ള പ്രൊഫസര്‍ ഫൽഗുനൻ നേരിട്ടെത്തി കൊടിമരം പിഴുതുമാറ്റുകയായിരുന്നു. മാറ്റിയ കൊടിമരം കോളജിന് പുറത്തുണ്ടായിരുന്ന പൊലീസിന് കൈമാറുകയും ചെയ്‌തു. അനുവാദം വാങ്ങിയാണ് കൊടിമരം സ്ഥാപിച്ചതെന്ന് എബിവിപി പ്രവർത്തകര്‍ പറഞ്ഞു. എന്നാല്‍ പരിപാടിക്ക് ശേഷം കൊടിമരം മാറ്റണമെന്ന ഉറപ്പിലാണ് അനുവാദം നൽകിയതെന്നാണ് കോളജ് അധികൃതരുടെ നിലപാട്. കോളജിലെ എസ്എഫ്ഐ കൊടിമരത്തിന് സമീപമായിരുന്നു എബിവിപിയും കൊടിമരം സ്ഥാപിച്ചത്.
പ്രിൻസിപ്പലിന്‍റെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ച് ധർമടം എസ്‌ഐ മഹേഷ് കണ്ടമ്പേത്തിന്‍റെ നേതൃത്വത്തിൽ പൊലീസ് തടഞ്ഞു. യൂണിവേഴ്സിറ്റി കോളജ് പോലെ ബ്രണ്ണൻ കോളജിനെയും അധോലോക കേന്ദ്രമാക്കി മാറ്റാമുള്ള നീക്കമാണ് പ്രിൻസിപ്പലും എസ്‌എഫ്‌ഐയും ഇടതുപക്ഷ അധ്യാപക സംഘടനാ പ്രതിനിധികളും നടത്തുന്നതെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്ണദാസ് പറഞ്ഞു. എസ്‌എഫ്‌ഐയുടെ കൊടിമരം കോളജിൽ ഉണ്ടെങ്കിൽ എബിവിപിക്കും അതിന് അവകാശമുണ്ടെന്നും അല്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി ജില്ലാ പ്രസിഡന്റ് പി സത്യപ്രകാശ്, എബിവിപി സംസ്ഥാന സമിതി അംഗം വിശാഖ് പ്രേമൻ, ജില്ലാ പ്രസിഡന്റ് കെ രഞ്ജിത്ത് തുടങ്ങിയവർ പങ്കെടുത്തു.