കണ്ണൂർ: വിദേശങ്ങളിൽ നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും തളിപ്പറമ്പ് കാക്കത്തോട്ടിലെ ഡ്രോപ്പിങ് പോയിന്‍റിൽ എത്തുന്നവർക്ക് ആശ്വാസമായി ഒരുകൂട്ടം ടാക്സി ഡ്രൈവർമാർ. വലിയ കടബാധ്യതകൾക്കിടയിലും ഓട്ടം ലഭിക്കാതെ വലയുകയാണിവർ. മണിക്കൂറോളം ടാക്സികൾ സ്റ്റാൻഡിൽ നിർത്തിയിട്ട് വീട്ടിലേക്ക് വെറും കൈയ്യോടെ തിരിച്ചുപോകേണ്ട അവസ്ഥയാണ് ഇവരിൽ പലരുടേയും. എന്നാൽ കാക്കത്തോട്ടിലെ ഡ്രോപ്പിങ് പോയിന്‍റിൽ എത്തുന്ന ആളുകളെ വീടുകളിൽ എത്തിക്കുന്ന ആംബുലൻസ് ചെറിയ ദൂര പരിധിക്ക് പോലും അമിതചാർജ് ഈടാക്കുന്നെന്ന പരാതി ഉയർന്നിരുന്നു. ഇതോടെയാണ് ടാക്സി ഡ്രൈവർമാർ ഈ ദൗത്യം ഏറ്റെടുത്തത്.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വലിയ പണം മുടക്കി ഡ്രൈവറുടെ സീറ്റ് ക്യാബിനുകൾ വേർതിരിച്ചാണ് ഇവർ ദൗത്യം ഏറ്റെടുത്തത്. ആദ്യഘട്ടത്തിൽ ചുരുക്കം ടാക്സികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ ഇത് പതിനഞ്ചോളമായി. പൊലീസ് -റവന്യൂ ആരോഗ്യവിഭാഗങ്ങളുടെ മേൽനോട്ടത്തിലാണ് ഡ്രോപ്പിങ് പോയിന്‍റ് പ്രവർത്തിക്കുന്നത്. അണുനാശിനികൾ ഉൾപ്പടെ എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് ടാക്സി ഡ്രൈവർമാർ ഡ്രോപ്പിങ് പോയിന്‍റിൽ ജോലി ചെയ്യുന്നത്. വിദേശത്ത് നിന്നും എത്തുന്നവരുടെ എണ്ണം കുറഞ്ഞതോടെ ഇവരുടെ ഓട്ടവും കുറഞ്ഞു. എങ്കിലും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഇവർ.