കണ്ണൂർ: ജില്ലയില്‍ രണ്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തലശ്ശേരി സ്വദേശിയായ 35 വയസുകാരന് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. മെയ് 19ന് കുവൈത്തില്‍ നിന്നും കണ്ണൂര്‍ വിമാനത്താവളം വഴിയെത്തിയ ധര്‍മടം സ്വദേശിയായ 42 വയസുകാരനാണ് രോഗബാധയേറ്റ മറ്റൊരാൾ. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 238 ആയി. ഇതില്‍ 130 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചെറുപുഴ സ്വദേശി 49 വയസുകാരനും കണ്ണപുരം സ്വദേശി 33 വയസുകാരനും രോഗം ഭേദമായി ചൊവ്വാഴ്ച വീട്ടിലേക്ക് മടങ്ങി.
നിലവില്‍ ജില്ലയില്‍ 9,361 പേരാണ് നിരീക്ഷണത്തിലുള്ളതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 59 പേരും കണ്ണൂര്‍ ജില്ലാശുപത്രിയില്‍ 29 പേരും അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്‍റ് സെന്‍ററില്‍ 94 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 29 പേരും വീടുകളില്‍ 9,150 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെയായി ജില്ലയില്‍ നിന്നും 7,813 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 6,970 എണ്ണത്തിന്‍റെ ഫലം ലഭിച്ചു. ഇതില്‍ 6,540 എണ്ണം നെഗറ്റീവാണ്. 843 എണ്ണത്തിന്‍റെ ഫലം ലഭിക്കാനുണ്ട്.