കണ്ണൂർ : മതമില്ല, ജാതിയില്ല, വേർതിരിവുകളില്ല വേലിക്കെട്ടുകളില്ല. ആർക്കും ഒന്നിച്ചിരുന്നു പുസ്‌തകങ്ങളെ പ്രാർഥിക്കാം. പുസ്‌തക പ്രാർഥനയ്ക്കായി ഒരമ്പലം. കേൾക്കുമ്പോൾ കൗതുകം തോന്നിയേക്കാം. കണ്ണൂരിൽ നിന്ന് 58 കിലോമീറ്ററോളം യാത്ര ചെയ്‌താൽ മലയോര ഗ്രാമമായ ചെറുപുഴയിലെ പ്രാപ്പൊയിലിലെത്താം. ഇവിടെ നിന്ന് ഒന്നര കിലോമീറ്ററോളം ദൂരം ചെറു കുന്നുകൾ താണ്ടിയാൽ ഒരു വലിയ പാറകെട്ടിനു മുകളിൽ നവപുരം മതാതീത ദേവാലയം കാണാം (Kannur Cherupuzha Prappoyil Secular Temple).
കൃത്യമായി പറഞ്ഞാൽ കക്കോട് കിഴക്കേക്കരയിലാണ് ഈ ജ്ഞാനാരാധനാലയം. ഇവിടെ വഴിപാടും പ്രസാദവും എല്ലാം പുസ്‌തകമാണ്. ആരാധനയാവട്ടെ അറിവിനോടും. പ്രാർത്ഥന ജ്ഞാന സിദ്ധിക്കും. അതാണ് രാജ്യത്ത് തന്നെ അപൂർവമായുള്ള പുസ്‌തക പ്രതിഷ്ഠയുള്ള മലയോര പ്രദേശത്തെ നവപുരം മതാതീത ദേവാലയം. ചെറുപുഴ പീയെൻസ് കോളേജ് അധ്യാപകനായ പ്രാപ്പോയിൽ നാരായണൻ മാസ്റ്റർ ആണ് ഈ ക്ഷേത്രത്തിനു പിന്നിലെ തൂണ്.
ബ്രണ്ണൻ കോളേജിൽ പഠിക്കുന്ന കൗമാരകാലം കാലം മുതൽ അക്ഷരങ്ങളോട് നാരായണൻ മാസ്റ്റർക്ക് തോന്നിയ ആരാധനയാണ്, അറിവാണ് ഈശ്വരൻ എന്നതിലേക്കും ചെന്നെത്തിയത്. 30 വർഷം മുൻപ് ഉണ്ടാക്കിയ സാംസ്‌കാരിക കൂട്ടായ്‌മയിലൂടെ ആണ് ആദ്യമായി പുസ്‌തക ചർച്ചകളും സിനിമ പ്രദർശനങ്ങളും നടത്തിയത്. പക്ഷേ സാമ്പത്തിക പരാധീനതകളിൽ തട്ടി അത് നിലച്ചു. എങ്കിലും സ്വപ്‌നത്തിൽ നിന്ന് പിന്മാറാൻ നാരായണൻ മാസ്റ്റർ ഒരുക്കം അല്ലായിരുന്നു. പതിയെ പതിയെ വളർത്തിയ സ്വപ്‌നമാണ് മലഞ്ചെരുവിലെ രണ്ടേക്കറിൽ യാഥാർഥ്യമായത്.
2021 ഒക്ടോബറിൽ ആണ് ദേവാലയം തുറന്നത്. 5000ത്തോളം പുസ്‌തകങ്ങൾ ഉള്ള പ്രവേശന പുര കടന്ന് പടികൾ കയറി 30 അടി ഉയരമുള്ള ഭീമൻ ശിലയുടെ മുകളിൽ എത്തിയാൽ കോൺക്രീറ്റിൽ തീർത്ത ഗ്രന്ഥപ്രതിഷ്ഠ കാണാം. ഇതിൽ മൂന്നു വാചകങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. വിജ്ഞാനമാണ് ദൈവം. വിശാല ചിന്തയും വിചിന്തന ബോധവും ആണ് മതം. വിനയമാർന്ന വിവേകം ആണ് വഴി. പ്രതിഷ്ഠയുടെ മുന്നിൽ പുസ്‌തകം സമർപ്പിച്ച് പ്രാർഥിക്കാം, വണങ്ങാം.
ക്ഷേത്ര മുറ്റത്ത് ഒരു കൽവിളക്ക്. അതിനടുത്ത് ചെറുശ്ശേരിയുടെ പ്രതിമ. ഭീമൻ ശീലയുടെ ചുവട്ടിൽ ബുദ്ധന്‍റെയും. മൂന്നു എഴുത്തു പുരകളിലായി 20 പേർക്ക് താമസിക്കാം. ശാന്തമായ അന്തരീക്ഷത്തിൽ രചന നടത്താം. പരിപാടികൾക്ക് ആയി തുറന്ന വേദിയും ചെറിയ ഹാളും ഭോജനശാലയുമൊക്കെ ഉണ്ട്. ഇവിടെ എത്തുന്നവർക്ക് ഭക്ഷണവും താമസവും എല്ലാം സൗജന്യമാണ്. കേരളത്തിന്‍റെ പല ഭാഗത്തുനിന്നും കർണാടകയിൽ നിന്നും ഇവിടെ സന്ദർശകരെത്താറുണ്ട്.
പുരോഹിതരല്ലാത്ത ദേവാലയം ഞായറാഴ്‌ചകളിലും പ്രത്യേക ദിനങ്ങളിലും തുറന്നു പ്രവർത്തിക്കും. 2022 ൽ 15 ദിവസമായിരുന്നു ഇവിടെ ഉത്സവം. കലവറ നിറയ്ക്കലിനു പകരം ഗ്രന്ഥം നിറയാണ്. കലാസാഹിത്യ സാംസ്‌കാരിക സദസ്സുകൾ ആണ് കലാപരിപാടികൾ. ആഘോഷത്തിന് കമ്മിറ്റികൾ ഇല്ല. സംഭാവനകളും ഇല്ല. സുഹൃദ് ബന്ധങ്ങളുടെ സ്നേഹം മാത്രം. എല്ലാറ്റിനും നാരായണൻ മാസ്റ്ററുടെ കൂടെയുള്ളത് ആത്മസുഹൃത്ത് പാടിയോട്ട് ചാലിലെ സാബു മാളിയേക്കൽ ആണ്.
സാബു സെക്രട്ടറിയും നാരായണൻ മാസ്റ്റർ പ്രസിഡന്‍റും അടങ്ങുന്ന 2 അംഗ കമ്മിറ്റി. നവരാത്രി സമയങ്ങളിലും മറ്റും നിരവധി കുട്ടികളെ ഇവിടെ എഴുത്തിനിരുത്താറുണ്ട്. ഏപ്രിൽ മാസം നടക്കുന്ന ഉത്സവത്തിന്‍റെ ഭാഗമായി ദേവാലയ വിശേഷങ്ങളുമായി ചെറുശ്ശേരി പത്രിക പുറത്തിറക്കുന്നു. ക്ഷേത്രത്തിന്‍റെ നിർമാണ പ്രവർത്തനങ്ങൾക്ക് വേണ്ടി ഇതുവരെ 40 ലക്ഷം രൂപ ചിലവായിട്ടുണ്ട്. പുതിയ എഴുത്തുപുരയുടെ പണി തുടങ്ങി നവപുരത്തെ ചെറുശ്ശേരി ഗ്രാമമാക്കി വികസിപ്പിക്കുകയാണ് നാരായണൻ മാസ്റ്ററുടെ ലക്ഷ്യം. 26 പുസ്‌തകങ്ങളുടെ രചയിതാവ് കൂടിയാണ് നാരായണൻ മാസ്റ്റർ.