കണ്ണൂർ: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തളിപ്പറമ്പ മിനില്‍ സിവില്‍ സ്റ്റേഷൻ പരിസരത്ത് നിരോധനാജ്ഞ. രാവില്‍ മുതല്‍ സിവില്‍ സ്റ്റേഷൻ പരിസരത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും കൂട്ടം കൂടുന്നതും ഒഴിവാക്കാനാണ് സബ് കലക്ടർ എസ്.ഇലക്യ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ കർശന പരിശോധനയാണ് പ്രദേശത്ത് നടത്തുന്നത്. അനധികൃതമായി പാർക്ക് ചെയ്ത വാഹനങ്ങൾക്ക് എതിരെ നടപടിയെടുക്കാൻ ജോയിന്‍റ് ആർടിഒയെയും തളിപ്പറമ്പ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറെയും തഹസിൽദാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
നിലവിലെ ഉത്തരവ് പ്രകാരം സിവിൽ സ്റ്റേഷൻ പരിസരത്ത് വാഹന പാർക്കിങ് അനുവദിക്കില്ല. സർക്കാർ ഓഫീസുകളിൽ ഒരേ സമയം അഞ്ച് പേരെ മാത്രമേ അനുവദിക്കൂ. ഓഫീസ് പരിസരത്ത് കൂട്ടം കൂടി നിൽക്കാൻ അനുവദിക്കില്ല. ജില്ലയിലെ മാർക്കറ്റുകളിലടക്കം കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ തളിപ്പറമ്പിൽ കർശന പരിശോധന നടത്താനാണ് തീരുമാനം. സാമൂഹിക അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയും ദിവസേന അൻപതോളം കേസുകൾ രജിസ്റ്റർ ചെയ്യുന്ന സാഹചര്യത്തിൽ ഡിവൈഎസ്‌പി ടി.കെ രത്‌നകുമാർ, എസ്ഐ പി. സി സഞ്ജയ് കുമാർ, ട്രാഫിക് എസ്ഐ എം.രഘുനാഥ് എന്നിവരുടെ നേതൃത്വത്തിൽ കർശന പരിശോധന നടത്താനും നടപടികൾ സ്വീകരിക്കാനുമാണ് തീരുമാനം.