കണ്ണൂർ: കളരിയെപ്പോലെ ലോകോത്തരമായ മറ്റൊരു ആയോധന കല താൻ കണ്ടിട്ടില്ലെന്ന് സ്വിറ്റ്സർലാന്റ് എം പി നിക്കോളാസ് സാമുവൽ ഗൂഗർ. തലശ്ശേരി ചമ്പാട് പുഞ്ചക്കരയിൽ വത്സൻ ഗുരിക്കളുടെയും ശിഷ്യരുടെയും കളരി പ്രദർശനം കണ്ട ശേഷം സംസാരിക്കുകയായിരുന്നു നിക്കോളാസ് ഗൂഗർ. സംസ്ഥാന സർക്കാറിന്റെ അതിഥിയായാണ് നിക്കോളാസ് സാമുവൽ ഗൂഗർ കേരളത്തിലെത്തിയത്.
ഭാര്യ ബിയാട്രീസ്, മക്കളായ അനസൂയ, ലെ ആന്ത്രോ, മി ഹാറബി എന്നിവർക്കൊപ്പമാണ് നിക്കോളാസ് സാമുവൽ ഗൂഗർ ചമ്പാട്ടെ കളരി സംഘത്തിലെത്തിയത്. ഒരു മണിക്കൂറോളം കളരി പ്രദർശനം നടന്നു. മെയ്പയറ്റ്, വാൾ പയറ്റ്, ഉറുമി പയറ്റ് എന്നിവ ശ്വാസമടക്കി പിടിച്ചാണ് നിക്കോളാസും കുടുംബവും കണ്ടത്. പ്രദർശനങ്ങളെ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്തു. വാൾപ്പയറ്റ് കണ്ട് ഭയന്ന നിക്കോളാസിന്റെ മകൾ മി ഹാറബി പിന്നീടുള്ള തന്റെ സ്ഥാനം പുറത്ത് പൊലീസുകാർക്കിടയിലേക്ക് മാറ്റി. വാൾ പയറ്റ് തന്നെ വല്ലാതെ ഭയപ്പെടുത്തിയെങ്കിലും ആസ്വദിച്ചാണ് കണ്ടതെന്ന് മത്സരശേഷം അനസൂയയും പ്രതികരിച്ചു. തലശേരി എം എൽ എ അഡ്വ. എ എൻ ഷംസീർ, പന്ന്യന്നൂർ പഞ്ചായത്ത് അധ്യക്ഷ എ ശൈലജ, കെ പി ചന്ദ്രൻ മാസ്റ്റർ, മുൻ പഞ്ചായത്ത് അധ്യക്ഷൻ ടി ഹരിദാസ് എന്നിവരും പങ്കെടുത്തു. കളരി സംഘത്തിന്റെ ഉപഹാരം എ ശൈലജ നിക്കോളാസിന് കൈമാറി. 2017 മുതൽ ഇ പി പി പാർട്ടി പ്രതിനിധിയായാണ് നിക്കോളാസ് സ്വിസ് പാർലമെന്‍റ് അംഗമായത്. തലശ്ശേരി എൻടിടിഎഫിലെ അധ്യാപകനായിരുന്ന ഫ്രിട്സ് ഗൂഗറും ഭാര്യ എലിസബത്തും എടുത്തു വളർത്തിയ നിക്കോളാസ് അഞ്ച് വയസിന് ശേഷമാണ് സ്വിറ്റ്സർലാന്റിലേക്ക് പോയത്.