കണ്ണൂർ: വടക്കിന്‍റെ മണ്ണിൽ ചരിത്ര സ്‌മൃതികൾക്ക് പുനർജനിയേകി പുതുചേകവർ അങ്കത്തട്ടിൽ നിറഞ്ഞാടിയപ്പോൾ അത്ഭുതവും ആകാംഷയും കണ്ണിലും മനസ്സിലുമൊളിപ്പിച്ച് കാണികൾ. പൊന്ന്യം ഏഴരക്കണ്ടത്ത് ചരിത്രത്തിന്‍റെ പുനർജനി പോലെ പുതു തലമുറ അങ്കം വെട്ടിയപ്പോൾ നഷ്‌ടപ്രതാപം വീണ്ടെടുക്കുകയായിരുന്നു കളരിയെന്ന ആയോധന കല. കേരള ഫോക്‌ലോർ അക്കാദമിയും സാംസ്‌കാരിക വകുപ്പും പുല്യോടി പാട്യം ഗോപാലൻ സ്‌മാരക വായനശാലയും സംയുക്തമായി ഒരുക്കിയ 'പൊന്ന്യത്തങ്കം' പരിപാടിയിലാണ് കാണികളെ വിസ്‌മയിപ്പിച്ച് ചരിത്രത്തിന്‍റെ പുനസൃഷ്‌ടി.
ചരിത്രത്തിലെ വീരപുരുഷൻമാരായ കതിരൂർ ഗുരുക്കളും തച്ചോളി ഒതേനനും അങ്കംവെട്ടിയ നാട്ടിൽ പൊന്ന്യം ഏഴരക്കണ്ടത്തിൽ ഇപ്പോൾ മെയ്ക്കരുത്തിന്‍റെയും സകല കലകളുടെയും ഉത്സവമാണ്. കളരിയും നാടൻ പാട്ടും കലകളും സംഗമിക്കുന്ന രാവുകൾ. പഴയകാല കരുത്തിന്‍റെ പ്രതാപസ്‌മരണകൾ വീണ്ടെടുക്കലാണ് ഈ ഓരോ ദിനങ്ങളും.
അങ്കത്തട്ടിൽ ചേകവർമാർ പോരിലേർപ്പെട്ടപ്പോൾ വടക്കൻ പാട്ടുകളിലും മറ്റും മാത്രം കേട്ട വീരഗാഥകൾ നവതലമുറക്ക് തീർത്തും പുതിയൊരു ദൃശ്യാനുഭവമായി.