കണ്ണൂർ : കക്കാട് പുഴയോരത്ത് കണ്ണൂര്‍ ജില്ല സ്പോർട്‌സ് കൗൺസിൽ നിർമിച്ച നീന്തൽക്കുളം തകര്‍ച്ചയുടെ വക്കിലെന്ന് കായിക പ്രേമികള്‍. സാമൂഹ്യ വിരുദ്ധരുടെ താവളമാണ് ഇപ്പോൾ നീന്തൽ കുളവും ഡ്രസിങ് റൂമും. താരതമ്യേന താഴ്ന്ന പ്രദേശമായ കക്കാട് പുഴയ്ക്ക് സമീപം നീന്തൽക്കുളം പണിയുന്നത് അശാസ്‌ത്രീയമാണെന്ന് പരിസ്ഥിതി പ്രവർത്തകരും കായിക പ്രേമികളും മുന്നറിയിപ്പ് നൽകിയിരുന്നു.
സ്പോർട്‌സ് കൗൺസിൽ ഇതൊന്നും പരിഗണിക്കാതെ നീന്തൽക്കുളത്തിന്‍റെ നിർമാണവുമായി മുന്നോട്ടുപോയി. അത്യാധുനിക സൗകര്യങ്ങളോടെയുള്ള നീന്തൽക്കുളവും പ്രദേശത്ത് പണിതു. എന്നാൽ 2018ലെ പ്രളയം നീന്തൽക്കുളത്തെ പൂർണമായും വിഴുങ്ങിയതോടെ ഇവിടേക്ക് ആരും തിരിഞ്ഞുനോക്കാതെയായി. യന്ത്ര സാമഗ്രികൾ പൂർണമായും നശിച്ചു.
പിന്നീട് വന്ന പ്രളയവും നീന്തൽക്കുളത്തെ സാരമായി ബാധിച്ചു. കക്കാട് പുഴയോരത്ത് 50ലക്ഷം രൂപ ചെലവിൽ നിർമിച്ചതാണ് കുളം. എന്നാൽ മഴക്കാലത്ത് കക്കാട് പുഴയിൽ നിന്നും മാലിന്യങ്ങൾ കയറുന്നതിനാൽ വെള്ളത്തിന് ഗുണനിലവാരമില്ലെന്ന് കണ്ടെത്തുകയും തുടർന്ന് കുളം ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കേണ്ടെന്ന് തീരുമാനിക്കുകയുമായിരുന്നു. എസ്എസ്എൽസി പരീക്ഷയിൽ ഗ്രേസ് മാർക്ക് ലഭിക്കുന്നതിനുവേണ്ടിയുള്ള നീന്തൽ പരിശീലനമാണ് പ്രധാനമായും ഇവിടെ നടന്നിരുന്നത്.
രണ്ട് പ്രളയങ്ങളിലും ഇവിടെ വെള്ളം കയറുകയും സ്ഥാപിച്ചിരുന്ന പമ്പ് സെറ്റുകൾ ഉപയോഗ ശൂന്യമാകുകയും ചെയ്‌തു. ഇതിലൂടെ സർക്കാരിന് അര കോടിയിലേറെ രൂപയുടെ നഷ്‌ടമാണ് ഉണ്ടായത്. കക്കാട് പുഴയോരത്ത് സ്ഥിതി ചെയ്യുന്ന അത്യാധുനിക നീന്തൽക്കുളം ഇന്ന് തികച്ചും അനാഥമായി കിടക്കുകയാണെന്ന് കായിക പ്രേമികള്‍ പറയുന്നു.
കമ്പി വേലികൾ പൂർണമായും നശിച്ചു. ഡ്രസിങ് റൂമുകളുടെ വാതിലുകളും തകര്‍ന്നിട്ടുണ്ട്. പ്രദേശത്ത് മേയാൻ എത്തുന്ന പശുക്കൾ നീന്തൽക്കുളത്തിന്‍റെ വേലിയുടെ ഒരു ഭാഗം തകർത്ത് അകത്തുകയറുന്നു. രാത്രി കാലങ്ങളിൽ സാമൂഹ്യ വിരുദ്ധർക്കും മദ്യ, മയക്കുമരുന്ന് മാഫിയകൾക്കും അഴിഞ്ഞാടാനുള്ള ഇടമാണ് ഇപ്പോൾ നീന്തൽ കുളവും പരിസരവും എന്നും ആക്ഷേപമുണ്ട്.
ആർക്കും വേണ്ടാതായ നീന്തൽക്കുളം പൂർണമായും അടച്ചുപൂട്ടാൻ സ്പോർട്‌സ് കൗൺസിലും തീരുമാനിച്ചതോടെ കണ്ണൂരിന്‍റെ കായിക സ്വപ്‌നങ്ങൾക്ക് കരിനിഴൽ വീണിരിക്കുകയാണ്. മലിനജലം കയറുന്നതിനാൽ നീന്തൽക്കുളത്തിന്‍റെ ഉയരം കൂട്ടി പുതുക്കി പണിയാനായിരുന്നു സ്പോർട്‌സ് കൗൺസിലിന്‍റെ നിർദേശം. സർക്കാറിന് മുന്നിൽ ഈ നിർദേശം സമർപ്പിക്കുകയും ചെയ്‌തിരുന്നു. എന്നാൽ ഫണ്ട് പാസാകാത്തതിനാൽ പദ്ധതി എവിടെയും എത്തിയില്ല. അതിനായി കാത്തിരിക്കുകയാണ് ജില്ല സ്പോര്‍ട്‌സ് കൗൺസിൽ.