കണ്ണൂർ : വർഷങ്ങളായി പച്ചക്കറി കൃഷി രംഗത്ത് സജീവമായ ഹരിദാസൻ തന്‍റെ കൃഷിയുടെ തുടക്കത്തെ കുറിച്ച് ഓർക്കുന്നത് ഇങ്ങനെ ആണ്. 1994 ൽ ഒമ്പത് പേര്‍ ചേർന്ന് സംഘടിപ്പിച്ച പച്ചക്കറി കൃഷി മത്സരം. അന്ന് ഒരേക്കർ സ്ഥലത്തായിരുന്നു കൃഷി.
പിന്നീട് ഹരിദാസന് കൃഷി ആവേശമായി. (Kadamberi Haridasan banana plant farming). വെള്ളരി, കക്കിരി, ചീര, പയർ, മത്തൻ എന്ന് വേണ്ട എല്ലാ കൃഷികളുമുണ്ട് ഹരിദാസന്‍റെ തോട്ടത്തിൽ. ഓരോ വർഷവും ഓരോ പുതിയ ഇനം കൃഷി ചെയ്‌ത് മികവുകാട്ടുന്ന കർഷകർക്കിടയിൽ ഹരിദാസൻ ഇത്തവണ ഇറക്കിയത് ഞാലി പൂവൻ വാഴ കൃഷി ആണ് (Banana farming Kerala).
മുൻപ് തളിപ്പറമ്പ എംഎൽഎ ആയിരുന്ന സി കെ പി പദ്‌മനാനാണ് ഹരിദാസന് കൃഷിയില്‍ വിജയകരമായ ആശയം കൈമാറിയത്. നഷ്‌ടത്തെക്കുറിച്ച് ചിന്തിക്കാതെ ഇലയിലൂടെ നേട്ടം കൊയ്യാം എന്ന ആത്മവിശ്വാസത്തിലാണ് ഹരിദാസൻ വാഴ കൃഷിയിലേക്ക് ഇറങ്ങിയത്. കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രത്തിന്‍റെ സഹായത്തോടെയാണ് ഹരിദാസൻ വാഴയില കൃഷിയിലേക്ക് തിരിഞ്ഞത്.
വാഴക്കുലകൾക്ക് പുറമെ വാഴയുടെ വളർച്ചയിലെ വിവിധ ഘട്ടങ്ങളിൽ ഇല വിപണനം ചെയ്യാം എന്നതാണ് വാഴ കൃഷിയുടെ പ്രത്യേകത. കൂടാതെ വാഴയില വെട്ടുന്നതിലൂടെ വാഴയിലെ കീടങ്ങളെയും ഒഴിവാക്കാൻ കഴിയും. വാഴ വരുമാന സുരക്ഷിതത്വമുള്ള വിളയായി മാറ്റുന്നതിന്‍റെ ഭാഗമായാണ് കൃഷി.
ആന്തൂർ കൃഷി ഓഫിസിനിൽ നിന്ന് ലഭിച്ച പിന്തുണയും വിജ്ഞാന കേന്ദ്രത്തിന്‍റെ സാങ്കേതിക സഹായം കൂടി ആകുമ്പോൾ ഹരിദാസന് എളുപ്പമായി. വീട്ടു പറമ്പിന്‍റെ വിവിധ ഇടങ്ങളിൽ ആയി 100 കന്നാണ് വച്ചു പിടിപ്പിച്ചത്. ഇതിൽ 20 എണ്ണം നശിച്ചു പോയി.
ഒക്ടോബർ മാസം ആയിരിന്നു വാഴ കൃഷിയുടെ തുടക്കം. ഇതിനകം തന്‍റെ തോട്ടത്തിൽ ധാരാളം വാഴയിലകള്‍ വിപണിയിൽ എത്തി. ഒരു വാഴയിൽ നിന്ന് ഒരാഴ്‌ച രണ്ട് തവണ ഇല മുറിക്കാൻ കഴിയും എന്നതാണ് കണക്ക്. ഒരു വാഴയിൽ നിന്ന് 30 മുതൽ 40 വരെ കൊടിയിലകൾ ലഭിക്കും.
Also Read: മാവൂർ പരുത്തിപ്പാറ മലമുകളിൽ കുറുന്തോട്ടി വിപ്ലവം; വിജയ വഴിയില്‍ 'ത്രിവേണി' വനിത കൂട്ടായ്‌മ
തളിപ്പറമ്പിനടുത്തുള്ള കൽക്കോ സഹകരണ ഹോട്ടലിലേക്ക് മൂന്ന് രൂപ നിരക്കിൽ ആണ് ഇല എത്തിക്കുന്നത്. കേരളത്തിലേക്ക് ആവശ്യമായ വാഴയില അന്യ സംസ്ഥാനങ്ങളില്‍ നിന്നാണ് എത്തുന്നത്. ഈ വിപണി സാധ്യതയാണ് ഹരിദാസൻ ഉപയോഗിക്കുന്നത്.