കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ടുണ്ടായ അസ്വാരസ്യങ്ങൾ പാർട്ടിക്കുള്ളിൽ വലിയ തലവേദനയാകുന്നു. കെ. മുരളീധരന് പിന്നാലെ കെ. സുധാകരനും പരസ്യ വിയോജിപ്പുമായി രംഗത്തെത്തി. ഡിസിസിയോട് ആലോചിക്കാതെ കണ്ണൂരിലെ മൂന്ന് സ്ഥാനാർഥികളെ മാറ്റിയ കെപിസിസി തീരുമാനം അംഗീകരിക്കില്ലെന്ന് സുധാകരൻ തുറന്നടിച്ചു. വ്യക്തി താൽപര്യങ്ങളെ സംരക്ഷിക്കുന്ന കെപിസിസി നിലപാട് ദുഖകരമാണ്. മൂന്ന് കെപിസിസി സ്ഥാനാർഥികൾക്കും കൈപ്പത്തി ചിഹ്നം നൽകില്ല. ഡിസിസി നേരത്തെ പ്രഖ്യാപിച്ചവർ തന്നെ പാർട്ടി ചിഹ്നത്തിൽ മത്സരിക്കുമെന്നും ഡിസിസി സ്ഥാനാർഥികളാണ് പാർട്ടി സ്ഥാനാർഥികളെന്നും കെ. സുധാകരൻ പറഞ്ഞു.
ഇരിക്കൂർ ബ്ലോക്കിലെ ഒരു ഡിവിഷൻ, തലശ്ശേരിയിലെ തിരുവങ്ങാട് വാർഡ്, പയ്യാവൂരിലെ കണ്ടകശ്ശേരി എന്നിവിടങ്ങളിലാണ് തർക്കം നിലനിൽക്കുന്നത്. സ്ഥാനാർഥി നിർണയത്തിനിടെ ഇവിടെ ഗ്രൂപ്പ് തർക്കമുണ്ടാകുകയും ചർച്ചക്ക് ഒടുവിൽ മൂന്ന് പേർക്ക് കൈപ്പത്തി ചിഹ്നം നൽകുവാനും ഡിസിസി തീരുമാനമെടുത്തിരുന്നു. എന്നാൽ മറുവിഭാഗം കെപിസിസിക്ക് നേരിട്ട് പരാതി നൽകി. ഇത് പരിഗണിച്ച കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ യാതൊരു ചർച്ചയും കൂടാതെ പരാതിക്കാരെ സ്ഥാനാർഥികളാക്കി പ്രഖ്യാപിക്കുകയുമായിരുന്നു എന്നാണ് കണ്ണൂർ ഡിസിസിയുടെ ആരോപണം.
വടകരയില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനായി പ്രചാരണത്തിന് ഇറങ്ങില്ലെന്ന് വ്യക്തമാക്കി കെ. മുരളീധരനും നേരത്തെ രംഗത്തെത്തിയിരുന്നു. വിമത സ്ഥാനാര്‍ഥിക്ക് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പിന്തുണ നല്‍കിയതില്‍ പ്രതിഷേധിച്ചാണ് തീരുമാനം. കല്ലാമല ബ്ലോക്ക് ഡിവിഷനിൽ ജനകീയ മുന്നണി സ്ഥാനാർഥിക്ക് പിന്തുണ നൽകാനാണ് പ്രാദേശിക നേതൃത്വം തീരുമാനിച്ചത്. എന്നാൽ ഇതിൽ പ്രതിഷേധിച്ച് മത്സര രംഗത്തിറങ്ങിയ കോൺഗ്രസ് വിമതന് കെപിസിസി നിർദേശ പ്രകാരം ഡിസിസി കൈപ്പത്തി ചിഹ്നം നൽകുകയായിരുന്നു. ചുരുക്കത്തിൽ കെപിസിസി പ്രസിഡന്‍റും കണ്ണൂർ, വടകര എംപിമാരും തമ്മിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ മറ നീക്കി പരസ്യ പോരായിരിക്കുകയാണ്.