കണ്ണൂർ : എറണാകുളം മഹാരാജാസ് കോളജിന്‍റെ പേരിൽ വ്യാജരേഖ ചമച്ച കേസിൽ രാഷ്‌ട്രീയ വിവാദം കൊഴുക്കുന്നു. സംഭവത്തിൽ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എത്തിയപ്പോൾ കേസിൽ പ്രതിയായ വിദ്യ എസ്‌എഫ്‌ഐയുടെ സജീവ പ്രവർത്തക ആയിരുന്നില്ല എന്ന ന്യായീകരണവുമായാണ് ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജൻ രംഗത്തെത്തിയത്.
ആരുടെയും പിൻബലമില്ലാതെ വിദ്യക്ക് കോളജുകളിൽ ഇത്ര വലിയ തട്ടിപ്പ് നടത്താൻ പറ്റില്ലെന്ന് സുധാകരൻ ആരോപിച്ചു. വ്യാജരേഖ ചമച്ച് ജോലി നേടിയ കെ വിദ്യയെ പോലുള്ള ക്രിമിനലുകളെ സംരക്ഷിക്കുക എന്നത് സിപിഎമ്മിന്‍റെ പൊതു നയമാണ്. ഇതിനുവേണ്ടി അധികാരം ദുർവിനിയോഗം ചെയ്യുന്ന കാഴ്‌ചയാണ് മുൻ വർഷങ്ങളിലും കണ്ടതെന്നും സുധാകരൻ പറഞ്ഞു.
കൊള്ളക്കാരുടെയും, കൊള്ളിവെപ്പുകാരുടേയും, ക്രിമിനലുകളുടെയും, വർഗീയ വാദികളുടെയും ഒരു സങ്കേതമായി, സർക്കസ് കൂടാരമായി സിപിഎം മാറി. ഇത് പുനഃപരിശോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. വാവിനും സംക്രാന്തിക്കും ഗോവിന്ദൻ മാസ്റ്റർക്ക് വെളിപാടുണ്ടായിട്ട് കാര്യമില്ലെന്നും സുധാകരൻ കുറ്റപ്പെടുത്തി.
പാർട്ടി തകരുകയാണ്. സിപിഎം പാർട്ടിയുടെ കരുത്ത് ക്രിമിനലുകളും കൊള്ളക്കാരും ആണ്. സ്വയം നാശത്തിന്‍റെ കുഴിതോണ്ടുകയാണ് സിപിഎം എന്നും തിരുത്തൽ പ്രക്രിയയ്ക്ക് തയ്യാറാവണം എന്നും സുധാകരൻ പറഞ്ഞു. അന്വേഷണം സുതാര്യമല്ല. പാർട്ടി ഗൗരവമായി ചിന്തിക്കണം. ഇതൊക്കെയും തിരിഞ്ഞു കൊത്തുന്ന സ്ഥിതി വരുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
വിദ്യയെ തള്ളി സിപിഎം : വ്യാജരേഖ ചമച്ച് ജോലി നേടിയ കെ വിദ്യയെ എസ്എഫ്ഐ നേതാവെന്ന് വിശേഷിപ്പിക്കുന്നത് ശരിയല്ലെന്നായിരുന്നു ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍റെ മറുപടി. അവര്‍ക്ക് സംഘടനയുടെ ഭാരവാഹിത്വം ഉണ്ടായിരുന്നില്ല. ഏതെങ്കിലും നേതാവിനൊപ്പം ഫോട്ടോയെടുത്താൽ എസ്എഫ്ഐക്കാരി ആകുമോയെന്നും, എസ്എഫ്ഐയില്‍ പല വിദ്യാര്‍ഥികളും കാണും, അവരെല്ലാം നേതാക്കളാണോയെന്നും ഇ പി ജയരാജൻ കണ്ണൂരിൽ ചോദിച്ചു.
കൂടുതൽ ആരോപണങ്ങളുമായി കെഎസ്‌യു : അതിനിടെ വിദ്യയ്‌ക്കെതിരെ കൂടുതൽ ആരോപണങ്ങളുമായി കെഎസ്‌യുവും കണ്ണൂർ ഡിസിസിയും രംഗത്തെത്തി. വിദ്യയുടെ പിഎച്ച്ഡി പ്രവേശനത്തിന്‍റെ വഴിവിട്ട നീക്കങ്ങളുടെ കൂടുതൽ തെളിവുകളാണ് കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്‍റ് പി.മുഹമ്മദ് ഷമ്മാസ് പുറത്ത് വിട്ടത്. ചട്ടം മറികടന്ന് റിസർച്ച് കമ്മിറ്റി വിദ്യയുടെ പേര് തിരികി കയറ്റിയ യോഗത്തിന്‍റെ മിനുട്ട്സ് ആണ് പുറത്ത് വന്നത്.
എസ്.സി- എസ്.ടി സംവരണം അട്ടിമറിച്ചതും വ്യക്തമാക്കുന്നതാണ് രേഖകൾ. സംഭവത്തിൽ അടിയന്തിര അന്വേഷണം വേണമെന്നും വഴിവിട്ട പി.എച്ച്.ഡി പ്രവേശനത്തിന് പിന്നിൽ പ്രവർത്തിച്ചത് മന്ത്രി പി.രാജീവും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആർഷോയും അന്നത്തെ എസ്എഫ്ഐ ജില്ല സെക്രട്ടറി അമൽ സി.എസ് എന്നിവരാണെന്നും മുഹമ്മദ് ഷമ്മാസ് ആരോപിച്ചു.
അധ്യാപികയുടെ കാർ കത്തിച്ചതിലും പങ്ക് ? പയ്യന്നൂർ കോളജിൽ അധ്യാപികയുടെ കാര്‍ കത്തിച്ചത്തില്‍ വിദ്യക്ക് പങ്കുണ്ടെന്നാണ് കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്‍റ് പി. മുഹമ്മദ് ഷമ്മാസിന്‍റെ മറ്റൊരു ആരോപണം. പയ്യന്നൂർ കോളജിൽ ഡിഗ്രിക്ക് പഠിക്കുമ്പോൾ വിദ്യയ്ക്ക് ഇൻ്റേണൽ മാർക്ക് കുറച്ച് നൽകി എന്ന് ആരോപിച്ച് എസ്എഫ്ഐ പ്രവർത്തകർ അന്ന് അധ്യാപകർക്ക് എതിരെ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. 2016ൽ ആയിരുന്നു സംഭവം.
മലയാളം ഡിപ്പാർട്ട്മെൻ്റിലെ അധ്യാപകരെയാണ് എസ്എഫ്ഐ പ്രവർത്തകർ ഭീഷണിപ്പെടുത്തിയത്. അധ്യാപകരെ തടഞ്ഞുവെക്കുകയും ചെയ്‌തു. സംഭവത്തിന് ശേഷം പയ്യന്നൂർ കോളജിലെ മലയാളം വിഭാഗത്തിലെ അധ്യാപിക ഡോ. പി. പ്രജിത, പ്രൊഫ കെ വി ഉണികൃഷ്‌ണൻ എന്നിവരുടെ വീട്ടിൽ നിർത്തിയിട്ടിരുന്ന കാറുകളും അഗ്നിക്ക് ഇരയാക്കിയിരുന്നു.
2016 മെയ് 22നാണ് അക്രമം നടന്നത്. സംഭവത്തിൽ പൊലിസ് കേസെടുത്തിരുന്നുവെങ്കിലും തെളിവില്ലെന്ന് പറഞ്ഞ് കേസ് തള്ളി പോയി. ഈ അക്രമത്തിൽ വിദ്യ പ്രതി ആണെന്നാണ് കെഎസ്‌യുവിന്‍റെ ആരോപണം. 2013 -2016 കാലഘട്ടത്തിൽ പയ്യന്നൂർ കോളജിലെ എസ്എഫ്ഐ ഭാരവാഹിയായിരുന്നു കെ. വിദ്യ. യുയുസി ആയും ജയിച്ചിട്ടുണ്ട്.
പയ്യന്നൂര്‍ കോളജില്‍ വിദ്യയുടെ സഹപാഠിയായിരുന്നു ഷമ്മാസ്. അതിനിടെ 2021- 22 വർഷത്തെ ഡിഗ്രി മൂല്യനിർണയത്തിൽ പങ്കെടുത്തതുമായി ബന്ധപെട്ട അട്ടിമറികൾ ഷമ്മസ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. 2021- 22 വർഷത്തെ കണ്ണൂർ സർവകലാശാല ഒന്ന്, രണ്ട്, നാല് സെമസ്റ്റർ ഡിഗ്രി മൂല്യനിർണയത്തിൽ വ്യാജ രേഖയിലൂടെ അധ്യാപികയായ വിദ്യ പങ്കെടുത്തതാണ് കെഎസ്‌യു വിവാദം ആക്കിയത്.
എക്‌സാമിനർക്ക് മൂന്ന് വർഷത്തെ യോഗ്യത വേണമെന്ന ചട്ടം മറികടന്നാണ് വിദ്യയെ കണ്ണൂർ സർവകലാശാല മൂല്യനിർണയ ക്യാമ്പിൽ പങ്കെടുപ്പിച്ചത്. സെപ്റ്റംബർ മാസം ആയിരുന്നു മൂല്യനിർണയ ക്യാമ്പ് നടന്നത്. ഉന്നത രാഷ്ട്രിയ നേതൃത്വത്തിൻ്റെ ഇടപെടൽ കൊണ്ടാണ് കണ്ണൂർ സർവകലാശാലയുടെ മൂല്യനിർണയ ക്യാമ്പിൽ വിദ്യയെ ഉൾപ്പെടുത്തിയത്. നിരവധി വർഷത്തെ പ്രവർത്തന പരിചയമുള്ള അധ്യാപകർക്ക് ഒപ്പം 40-ാം സ്ഥാനത്താണ് ലിസ്റ്റിൽ വിദ്യയുടെ പേരുണ്ടായിരുന്നത്.