കണ്ണൂർ: മഥുര മെഡിക്കൽ കോളേജിൽ കഴിയുന്ന മലയാളി പത്രപവർത്തകൻ സിദ്ദീഖ് കാപ്പന്‍റെ ഹർജി അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് എൻവി രമണയ്ക്ക് കത്ത് നൽകി കണ്ണൂർ എംപി കെ സുധാകരൻ. മാനുഷിക പരിഗണന വച്ച് അദ്ദേഹത്തെ തുടർചികിത്സയ്ക്കായി ഡൽഹി എയിംസിലേയ്ക്ക് മാറ്റണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. മഥുര മെഡിക്കൽ കോളേജിൽ താടിയെല്ല് പൊട്ടിയ നിലയിൽ മൃഗത്തെപോലെ ചങ്ങലയിലാണ് അദ്ദേഹം ആശുപത്രി കിടക്കയിൽ തടവിൽ കഴിയുന്നത്. അദ്ദേഹത്തിന് കൊവിഡ് ബാധിച്ചതായും സുധാകരന്‍ കത്തില്‍ സൂചിപ്പിച്ചു.
Also Read: യുപിയില്‍ തടവിലുള്ള മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് കൊവിഡ്
സിദ്ദീഖ് കാപ്പന് വേണ്ടി കഴിഞ്ഞ ആറു മാസത്തിനിടെ ഏഴു തവണ ഹേബിയസ് കോർപ്പസ് ഹർജി ഫയലിൽ സ്വീകരിച്ചിരുന്നു. അജ്ഞാതമായ കാരണങ്ങളാൽ അപേക്ഷ ഒരിക്കലും തീർപ്പാക്കിയിട്ടില്ല. ഒരു പത്രപ്രവർത്തകനെന്ന നിലയിൽ തന്‍റെ ചുമതലകൾ നിറവേറ്റുന്നതിനായാണ് അദ്ദേഹം ഹാത്രാസിലേയ്ക്ക് പോയത്. തുടർന്ന് കഴിഞ്ഞ വർഷം ഒക്‌ടോബർ 5നാണ് അദ്ദേഹം മഥുരയിൽ വച്ച് അറസ്റ്റിലാകുന്നത്. നമ്മുടെ ഭരണഘടനയുടെ രക്ഷാധികാരി എന്ന നിലയിൽ ഇക്കാര്യം പുനഃപരിശോധിക്കണമെന്നും ഹേബിയസ് കോർപ്പസ് അപേക്ഷ തീർപ്പാക്കുന്നതുവരെ സിദ്ദീഖ് കാപ്പന്‍റെ ജീവൻ രക്ഷിക്കാനും മഥുരയിൽ നിന്ന് അദ്ദേഹത്തെ മാറ്റാൻ ആവശ്യമായ ഉത്തരവുകൾ പുറപ്പെടുവിക്കാനും കെ സുധാകരൻ എംപി ചീഫ് ജസ്റ്റീസിനോട് കത്ത് മുഖേന അഭ്യർത്ഥിച്ചു.