കണ്ണൂർ: വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയും മുന്‍ സിപിഎം പ്രാദേശിക നേതാവുമായ സി.ഒ.ടി നസീറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ പിന്തുണയുമായി നിയുക്ത എം.പി കെ.മുരളീധരന്‍. കേസിലെ പ്രതികളെ പിടികൂടാത്ത പൊലീസ് അനാസ്ഥക്കെതിരെ കോടതിയെ സമീപിച്ചാല്‍ കോണ്‍ഗ്രസ് എല്ലാവിധ സഹായങ്ങളും ചെയ്യുമെന്നും മുരളീധരൻ പറഞ്ഞു. തലശ്ശേരിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നസീറിനെ ആക്രമിച്ച കേസിലെ പ്രതിയാരാണെന്ന് എല്ലാവര്‍ക്കും അറിയാം. എം.പിയും എം.എല്‍.എയും യോജിച്ച് പോകേണ്ടവരാണ്. രണ്ട് വര്‍ഷം മുമ്പ് യുഡിഎഫ് എം.എല്‍.എയായ വിന്സെന്റിനെതിരെ ഒരു സ്ത്രീ നല്‍കിയ പരാതിയില്‍ എംഎൽഎയെ നിയമസഭയില്‍ പോലും പ്രവേശിപ്പിക്കാതെ രണ്ട് മാസം നെയ്യാറ്റിന്‍കര ജയിലിലടക്കുകയായിരുന്നു. യു.ഡി.എഫ് എം.എല്‍.എ വിന്സെന്റിന്റെ കാര്യത്തില്‍ അനുവര്‍ത്തിച്ച നയം എല്ലാ കാര്യങ്ങള്‍ക്കും ബാധകമാണ്. അല്ലാതെ ഭരണ കക്ഷിക്കും പ്രതിപക്ഷത്തിനും വെവ്വേറെ നയമല്ല വേണ്ടതെന്നും മുരളീധരന്‍ പറഞ്ഞു. കേരള ചരിത്രത്തില്‍ ആദ്യമായാണ് ഒരു എം.എല്‍.എയെ നിയമസഭയില്‍ പോലും പങ്കെടുപ്പിക്കാതെ ജയിലിലടച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.