കണ്ണൂർ: ഇലയിൽ സ്ഥാനാർഥികളുടെ ചിത്രങ്ങൾ വരച്ച് വ്യത്യസ്‌തനാകുകയാണ് തളിപ്പറമ്പ് കുറ്റിയേരിയിലെ ആയിപ്പുഴവീട്ടിൽ ജിഷ്ണു. കല്യാണം, വിവാഹവാർഷികം, ബർത്ത് ഡേ തുടങ്ങിയ ആവശ്യങ്ങൾക്കായുള്ള ചിത്രങ്ങളായിരുന്നു ഇലകളിൽ വരച്ചുനൽകിയിരുന്നത്. എന്നാൽ തെരഞ്ഞെടുപ്പ് കാലത്ത് പ്രചരണത്തിന്‍റെ ഏറ്റവും പുതിയ മാർഗം സോഷ്യൽ മീഡിയ ആയതോടെയാണ് സ്ഥാനാർഥികളുടെ ചിത്രങ്ങളും ഇലയിലേക്ക് വരച്ചു തുടങ്ങിയത്. എല്ലാ മുന്നണികളിൽ നിന്നും ആവശ്യക്കാർ എത്താൻ തുടങ്ങിയതോടെ ചിത്രങ്ങൾ വരച്ച് വീഡിയോ തയ്യാറാക്കി നൽകുകയും വേണമെങ്കില്‍ ഫ്രെയിം ചെയ്ത് കൊടുക്കുകയും ചെയ്യുന്നുണ്ട്.
വളരെ സൂക്ഷ്മതയോടെ ചെയ്യേണ്ട ജോലിയാണ്. ചിത്രങ്ങള്‍ ഇലയിലേക്ക് പകര്‍ത്തുമ്പോൾ കണ്ണ് ഒന്നുചിമ്മിയാല്‍ ഇല കീറിപ്പോകും. പിന്നെ തുടക്കം മുതല്‍ മറ്റൊരിലയില്‍ ചെയ്യേണ്ടിവരും. ആഞ്ഞിലിയിലയില്‍ ചിത്രം വരച്ചാല്‍ കൂടുതല്‍ നാള്‍ നശിക്കാതിരിക്കുമെന്നുള്ളതിനാല്‍ ഈ ഇലയോടാണ് കൂടുതല്‍ താൽപര്യം. ഉണങ്ങിയ ഇലകള്‍ വെള്ളത്തിലിട്ട് പേപ്പര്‍പ്പരുവത്തിലാക്കിയശേഷം പേനകൊണ്ട് പുറത്തു വരയ്ക്കും. ഇലയിൽ ചിത്രങ്ങൾ വരച്ച് ഡീറ്റൈലിംഗ് നൈഫ് ഉപയോഗിച്ച് മുറിച്ച് എടുക്കുകയാണ് ചെയ്യുന്നത്. പ്രകാശത്തിന് നേരെ പിടിച്ചാല്‍ ചിത്രങ്ങള്‍ അതിന്‍റെ തനിമ നഷ്ടപ്പെടാതെ ആസ്വദിക്കുകയും ചെയ്യാം.