പയ്യന്നൂർ: തിരിമുറിയാത്ത പേമാരിയുണ്ട്. നോക്കുന്നിടത്തെല്ലാം വെള്ളം മാത്രം. പക്ഷേ... ജപ്പാൻ കുടിവെള്ള പദ്ധതി പണിമുടക്കിയതോടെ ജനങ്ങള്‍ ദുരിതത്തിലായി. കണ്ണൂർ ജില്ലയിലെ നിരവധി പ്രദേശങ്ങളെ പോലെ പയ്യന്നൂർ നഗരസഭയിലെ താഴ്‌ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന നൂറുകണക്കിന് കുടുംബങ്ങളാണ് ദുരിതത്തിൽ മുങ്ങിയത്.
അഞ്ച് ദിവസമായി വാട്ടർ അതോറിറ്റിയുടെ ടാപ്പ് നോക്കു കുത്തിയാണ്. ജലവിതരണം മുടങ്ങുമ്പോൾ നഗരസഭ അധികൃതർ ബദൽ സംവിധാനങ്ങളൊന്നും ഒരുക്കിയില്ല. 'അപൂർവം' പട്ടികജാതി- പട്ടികവർഗ ഐക്യവേദി പോലെ ചില സന്നദ്ധ സംഘടനകളുടെ ജലവിതരണം മാത്രമാണ് ചിലർക്ക് ആശ്രയം.
ഭൂരിഭാഗം പേരും മഴ വെള്ളം ശേഖരിച്ച് പാചകാവശ്യത്തിന് ഉൾപ്പടെ ഉപയോഗിക്കുന്നു. നഗരസഭയിലെ കവ്വായി, കണ്ടങ്കാളി, താഴത്തുവയൽ, പ്രദേശങ്ങളിലെല്ലാം രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് അനുഭവപ്പെടുന്നത്. കവ്വായി മേഖലയിൽ രൂക്ഷമായ വെളളക്കെട്ടിനിടയിലാണ് ഇരുട്ടടി പോലെ കുടിവെള്ളവും മുടങ്ങിയത്.