കണ്ണൂർ: കണ്ണൂർ മെഡിക്കൽ കോളജിൽ ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് ജീവനക്കാർ പ്രതിഷേധത്തിൽ. മെഡിക്കൽ കോളജ് 2018ൽ സർക്കാർ ഏറ്റെടുത്തത് മുതൽ ഡിഎ ലഭിച്ചില്ലെന്ന് ആരോപിച്ചാണ് കേരള കോ - ഓപ്പറേറ്റീവ് വർക്കേഴ്‌സ് ഫെഡറേഷൻ, ഐഎൻടിയുസി സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ പ്രധിഷേധ റാലി നടത്തിയത്.
കൊവിഡ് പ്രതിസന്ധിയാൽ ജനങ്ങൾ വലയുകയാണ്. ഈ സാഹചര്യത്തിൽ ശമ്പളം ലഭിക്കാത്തത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്നാണ് ഇവരുടെ പരാതി. ജീവനക്കാർക്ക് എല്ലാ മാസവും അഞ്ചാം തിയതി ലഭിക്കുന്ന ശമ്പളം പല മാസങ്ങളായി നീണ്ടു പോകുകയാണ്. മെയ് മാസത്തിലെ ശമ്പളം പോലും ഇതുവരെ ലഭിച്ചിട്ടില്ല. ഇന്‍റഗ്രേഷൻ പ്രോസസ്സ് വൈകുന്നതാണ് ജീവനക്കാർക്ക് ശമ്പളം നൽകുന്നതിൽ കാലതാമസം വരുന്നതിനുള്ള കാരണമായി അധികൃതർ ചൂണ്ടിക്കാണിക്കുന്നത്. എത്രയും പെട്ടന്ന് ശമ്പളം ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു.