കണ്ണൂർ : മഞ്ഞ് പെയ്ത് വീഴാൻ തുടങ്ങുന്നതേ ഉള്ളൂ. ശരീരം വലിഞ്ഞുപിടിക്കുന്ന തണുപ്പിൽ ഓല ചൂട്ടിന്‍റെ ആശ്വാസത്തിൽ തെയ്യ കാവുകളെ തേടിയിറങ്ങുകയാണ് ആട്ടപ്രേമികള്‍. മലബാറിന്‍റെ ഗ്രാമങ്ങളിൽ വിശ്വാസവും ഒത്തുചേരലും സമാസമം ചേർന്നലിയുന്ന വലിയ കാഴ്ചകളിൽ ഒന്നാണത്. മലയാള മാസം തുലാം 10 മുതലാണ് തെയ്യങ്ങൾ മുടിയേന്തി ഉറഞ്ഞാടി ഭക്തർക്ക് അനുഗ്രഹം ചൊരിയുക.
വടക്കേ മലബാറിലെ തെയ്യക്കാവുകൾ പതിയെ ഉണരുന്നതേയുള്ളൂ. മുഖത്തെഴുതി ചെണ്ടയുടെ താളത്തിൽ, കുഴൽ നാദത്തിൽ ചിലമ്പൊലികൾ കാവുകളെ ശബ്ദമുഖരിതമാക്കുമ്പോൾ തെയ്യക്കോലങ്ങളുടെ ചരിത്രം പലതാണ്. കാലം മാറുമ്പോഴും ഗ്രാമീണ കാഴ്ചകൾ അതേ പടി നിലനിർത്തുന്ന ഒരു കാവുണ്ട് കണ്ണൂരിൽ. ഇരിണാവ് നങ്ങോളങ്ങര ഭഗവതിക്കാവ്.
ചെറുകുന്ന് അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിൽ നിന്ന് കുറച്ചകലെയായി റോഡരികിൽ ശബ്‍ദമോ വെളിച്ചമോ ഇല്ലാതെ കുത്തുവിളക്കിന്‍റെ വെളിച്ചത്തിൽ ഒരു മാസത്തോളം തെയ്യം ഉറഞ്ഞാടുന്ന ഇടം. ക്ഷേത്രമോ മറ്റ് നിർമ്മിതികളോ, വിഗ്രഹമോ, ദിനചര്യ ആയുള്ള വിളക്ക് കൊളുത്തലോ പൂജകളോ ഇവിടെ ഇല്ല. വളളിക്കാടുകൾക്കിടയിൽ സ്ഥിതി ചെയ്യുന്നതാണ് കാവ്.
തുലാം 11 മുതൽ വൃശ്ചിക സംക്രമം വരെയാണ് ഇവിടെ തെയ്യം അരങ്ങിൽ എത്തുക. സന്ധ്യ മയങ്ങി ഇരുട്ട് പരക്കുന്നതോടെ കുത്തുവിളക്കിന്‍റെ വെളിച്ചത്തിൽ തെയ്യത്തിന്‍റെ മുഖത്തെഴുത്ത് നടക്കും. മുടിക്ക് മുകളിൽ ആയി നിറയെ പന്തങ്ങള്‍. ഓലച്ചൂട്ടിന്‍റെ വെളിച്ചത്തിൽ നങ്ങോളങ്ങര ഭഗവതി അരങ്ങിലെത്തും. കുട്ടികൾ തിരിയോലകൾ അരിഞ്ഞ് മുടിക്ക് മുകളിലേക്ക് ഏറിയും.
തിരുമുടി ഉയരുന്ന നേരം ഇടന്തല മുട്ടി അഞ്ചടി തോറ്റം മാത്രമാണ് കൂടെ ഉണ്ടാവുക. ചെണ്ടത്താളം ഇല്ലെന്നത് മറ്റൊരപൂർവ്വത. കണ്ണൂരിൽ മറ്റ് കാവുകളിൽ എവിടെയും ഭഗവതിക്ക് ഈ രൂപത്തിൽ കെട്ടിയാടുന്ന കോലമില്ല എന്നതാണ് മറ്റൊരു സവിശേഷത. വിളക്കുവയ്ക്കുന്നതിനായി താൽക്കാലികമായി ഒരുക്കുന്ന മൺതറയും വള്ളിക്കാട്ടിലെ നാഗ സ്ഥാനവും മാത്രമാണ് ഇവിടെ ഉള്ളത്. തെയ്യാട്ട സമയങ്ങളിൽ സ്ഥാനികർ എത്തി വിളക്ക് കൊളുത്തും. ചുരുങ്ങിയ സമയം മാത്രമാണ് തെയ്യത്തിന്‍റെ ചടങ്ങുകൾ നടക്കുക.
സന്താന ലബ്‌ധിക്കായി ക്ഷേത്രസ്ഥാനത്ത് എത്തി പ്രാർത്ഥന നടത്തിയവരുടെ നേർച്ചയായാണ് ഓരോ വർഷവും തെയ്യം കെട്ടിയാടുന്നത്. കലശക്കാരൻ ഇളനീർ കൊത്തി കൊടുത്ത് തെയ്യം അനുഗ്രഹിക്കുന്നത്തോടെ സന്താന ഭാഗ്യം കൈവരും എന്നാണ് വിശ്വാസം. മാടായിക്കാവിലമ്മ, ഇടക്കേപ്പുറം അണിയിൽ ഭഗവതി, നണിയിൽക്കാവ് നങ്ങാളങ്ങര ഭഗവതി തുടങ്ങിയ കാവുകളുമായും ഈ തെയ്യം ബന്ധപ്പെട്ടുകിടക്കുന്നു.
മേൽക്കൂര പണിത് ഒരു കാവ് പണിയുക എന്നതിനും ഇരിണാവ് നങ്ങോളങ്ങര ഭഗവതിയുടെ ഐതിഹ്യം അപൂർവതയാകുന്നു. മേൽക്കൂര കെട്ടിയാൽ മുകളിൽ വീഴുന്ന വെള്ളം കടലിലേക്ക് വീഴണം എന്നാണ് പൂർവികർ പറയുന്നത്. അതിനാൽ മേൽക്കൂര പണിയുന്നതിലും ക്ഷേത്ര വിശ്വാസം കാവിനെ വേറിട്ട് നിർത്തുന്നു. സ്ഥാനികരായ ഇരിണാവിലെ കാട്ടാമ്പള്ളി രയരോത്ത് തറവാട്ടുകാരാണ് ആദ്യ മൂന്ന് ദിനങ്ങളിൽ കളിയാട്ടം നടത്തുന്നത്. പ്രശസ്ത തെയ്യം കലാകാരൻ സി.വി നികേഷ് പെരുവണ്ണാനാണ് വർഷങ്ങളായി ഭഗവതിയെ കെട്ടിയാടുന്നത്. ഓരോ രാത്രിയും ഇവിടെ കെട്ടിയാടുന്ന തെയ്യം കാണാൻ നിരവധി പേരാണ് എത്തുന്നത്.