കണ്ണൂർ: ഉമ്മൻ ചാണ്ടിയെത്തിയിട്ടും പൂർണ പരിഹാരം സാധ്യമാകാതെ ഇരിക്കൂറിലെ സ്ഥാനാർഥി നിർണയ തർക്കങ്ങൾ. ഇരിക്കൂറിലെ കോൺഗ്രസിനകത്തെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനാണ് ഉമ്മൻ ചാണ്ടി നേരിട്ടെത്തിയത്. പ്രശ്‌ന പരിഹാരത്തിനായി പല നിർദേശങ്ങളും മുന്നോട്ട് വച്ചെങ്കിലും ചർച്ചയിൽ പൂർണ പരിഹാരം കാണാൻ സാധിച്ചില്ല. ഇരിക്കൂറിലെ പ്രശ്‌നങ്ങൾക്ക് തീരുമാനം ആയില്ലെന്ന് ചർച്ചകൾക്ക് ശേഷം ഉമ്മൻ ചണ്ടി പ്രതികരിച്ചു. കണ്ണൂരിലെയും ഇരിക്കൂറിലെയും പ്രവർത്തകരുടെ വികാരം മനസിലാക്കുന്നതായും അദ്ദേഹം പറഞ്ഞു. കണ്ണൂർ ഡിസിസി നേതൃത്വവുമായും, കെ സുധാകരൻ എംപിയുമായും ചർച്ച ചെയ്‌ത് തീരുമാനം കൈ കൊള്ളുമെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം പ്രത്യക്ഷ സമരത്തിൽ നിന്ന് പിന്മാറി പ്രവർത്തകരോട് തെരഞ്ഞെടുപ്പ് രംഗത്ത് സജീവമാകാൻ ഉമ്മൻ ചാണ്ടി അഭ്യർഥിച്ചു. പ്രവർത്തകരുടെ വികാരം കണക്കിലെടുത്ത് ജില്ലാ തലത്തൽ പാർട്ടി പുനസംഘടനയാണ് കെപിസിസിയും മുന്നിൽ കാണുന്നത്. ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ നേതാക്കളായ കെസി ജോസഫ്, യുഡിഎഫ് ജില്ലാ ചെയർമാൻ പിടി മാത്യു, സോണി സെബാസ്റ്റ്യൻ എന്നീ എ ഗ്രൂപ്പ് നേതാക്കളാണ് ചർച്ചയിൽ പങ്കെടുത്തത്.