കണ്ണൂര്‍: പാനൂര്‍ - പെരിങ്ങത്തൂരില്‍ ആള്‍മറയില്ലാത്ത വീട്ടുകിണറ്റില്‍ വീണ് പുലി ചാകാനിടയായ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു (Leopard Death In Kannur). അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഫോറസ്റ്റ് വിജിലന്‍സ് വിങ്ങിന് നല്‍കിയ പരാതിയില്‍ കണ്ണൂര്‍ ഫ്‌ളയിങ് സ്ക്വാഡ് ഡി എഫ് ഒയുടെ നേതൃത്വത്തിലുളള സംഘം പരാതിക്കാരില്‍ നിന്നും മൊഴിയെടുത്തു. കിണറ്റില്‍ നിന്നും പുലിയുടെ കഴുത്തില്‍ കയര്‍ കുരുക്കി വലയിലാക്കുകയും കിണറിന്‍റെ മധ്യഭാഗത്ത് വെച്ച് മയക്കുവെടി വെച്ച് മുകളിലെത്തിച്ച് വീണ്ടും മയക്ക് ഇഞ്ചെക്ഷന്‍ വെക്കുകയും ചെയ്‌തിരുന്നു.
18 മണിക്കൂറോളം കിണറ്റിലകപ്പെട്ട പുലിക്ക് ബാഹ്യമായി യാതൊരു പരിക്കും ഉണ്ടായിരുന്നില്ല. മയക്കുവെടി വയ്ക്കുന്നത് വരെ പുലി ശൗര്യം കാണിച്ചതായും യഥാസമയം ചികിത്സ കിട്ടാത്തതും പുലിയെ രക്ഷിക്കാന്‍ ശ്രമിക്കാത്തതുമാണ് പുലി ചാവാനിടയായതെന്ന് പരാതിയില്‍ പറഞ്ഞിരുന്നു. പുലി ചത്ത സംഭവത്തില്‍ സംസ്ഥാന വനസംരക്ഷണ കോഡിനേറ്റര്‍ സുശാന്ത് നരിക്കോടന്‍ മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും പരാതി നല്‍കിയിരുന്നു.
അതിന് പുറമേ പെരിങ്ങത്തൂര്‍ യൂണിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്‍റ് ഹമീദ് കിടഞ്ഞിയും പരാതി നല്‍കിയിട്ടുണ്ട്. ഈ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്.
കണ്ണൂര്‍ ഫോറസ്റ്റ് ഡിവിഷന് കീഴില്‍ കണ്ണവം റേഞ്ച് പരിധിയില്‍ കഴിഞ്ഞ നവംബര്‍ 29നായിരുന്നു പുലിയെ വീട്ടുകിണറ്റില്‍ വീണ നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ രണ്ട് മണിയോടെ വീടിന്‍റെ പരിസരത്ത് നിന്നും ശബ്‌ദം കേട്ടിരുന്നുവെന്നും രാവിലെ ഏഴിന് കിണറ്റിലെ വെള്ളം ഇളകുന്ന ശബ്ദം കേട്ടതോടെ, നോക്കിയപ്പോഴാണ് പുലി കിണറ്റില്‍ വീണതായി കാണുന്നത്. രാവിലെ ഒമ്പത് മണിയോടെ കണ്ണവം ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും ചെയ്‌തു.
എന്നാല്‍, ഉച്ചയോടെയാണ് പുലി വീണ കിണര്‍ പരിശോധിക്കാന്‍ വനം വകുപ്പ് അധികൃതര്‍ എത്തിയത്. രക്ഷാപ്രവര്‍ത്തനം നടന്നത് വൈകീട്ട് 4.30ന് മാത്രമാണ്. ഇന്ത്യന്‍ വന്യജീവി സംരക്ഷണ നിയമത്തില്‍ ഒന്നാം പട്ടികയില്‍പെടുന്ന, ദേശീയ പൈതൃക മൃഗമായി സംരക്ഷിച്ച് പോരുന്ന പുലിയെ രക്ഷപ്പെടുത്തുന്നതിലും തുടര്‍ന്നുള്ള പ്രവര്‍ത്തനത്തിലും ഉണ്ടായ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് പുലിയുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായതെന്നും ആരോപണമുയരുന്നുണ്ട്.
മതിയായ ജാഗ്രതയോടെ രക്ഷാപ്രവര്‍ത്തനം നിയന്ത്രിക്കാന്‍ കണ്ണവം റേഞ്ച് ഓഫിസര്‍ക്ക് കഴിഞ്ഞിട്ടില്ല എന്നത് വളരെ വ്യക്തമാണ്. സാധാരണ മൃഗങ്ങളായ കാട്ടാട്, മുയല്‍, പന്നി തുടങ്ങിയ മൃഗങ്ങളുടെ സംരക്ഷണം ഉറപ്പ് വരുത്തുന്ന പരിഗണന പോലും ദേശീയ പൈതൃകമൃഗമായ പുലിയുടെ രക്ഷാപ്രവര്‍ത്തനത്തില്‍ ഉണ്ടായിട്ടില്ല. വനത്തെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന വനാശ്രിതരായ ഗോത്രജനതയുടെ വനാവകാശ നിയമത്തില്‍ പരാമര്‍ശിക്കുന്ന വ്യക്തിഗതം, സാമൂഹികം, വികസനം തുടങ്ങിയ അവകാശങ്ങള്‍ നടപ്പാക്കുന്നതിലും സമാന സമീപനമാണ് കണ്ണവം റെയ്ഞ്ച് ഓഫിസര്‍ക്കുളളതെന്ന് പരാതിയില്‍ പറയുന്നു.
Also Read : കിണറ്റിലകപ്പെട്ട പുലി ചത്ത സംഭവം, 'രക്ഷാപ്രവര്‍ത്തനത്തില്‍ അടക്കം കടുത്ത വീഴ്‌ച'; വനം വകുപ്പിനെതിരെ പരാതി