കണ്ണൂർ: സിപിഎം സംസ്ഥാന കമ്മറ്റി അംഗം പി. ജയരാജന്‍റെ സുരക്ഷ വർധിപ്പിച്ചു. താമസ സ്ഥലത്തും യാത്രയിലും സുരക്ഷ ഉദ്യോഗസ്ഥരുടെ എണ്ണം കൂട്ടി. ജയരാജനെ വധിക്കാൻ ഗൂഢാലോചന നടക്കുന്നുവെന്ന ഇൻ്റലിജൻസ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് സുരക്ഷ വർധിപ്പിച്ചത്.
പുത്തങ്കണ്ടം ക്വട്ടേഷൻ സംഘം എന്ന് കുപ്രസിദ്ധിയാർജ്ജിച്ച ആർഎസ്എസ് സംഘം ഗൂഢാലോചന നടത്തി എന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇൻ്റലിജൻസ് അന്വേഷണം നടത്തിയത്. ഗൂഢാലോചന നടന്ന കാര്യം അന്വേഷണത്തിൽ തെളിഞ്ഞതിനെ തുടർന്നാണ് സുരക്ഷ വർധിപ്പിക്കാൻ തീരുമാനിച്ചത്. ഐജി അശോക് യാദവാണ് സുരക്ഷ വർധിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് ഇറക്കിയത്. നേരത്തെയും പല തവണ ജയരാജനെ അപായപ്പെടുത്താനുള്ള ശ്രമവും വധഭീഷണിയും ഉണ്ടായിരുന്നു.