കണ്ണൂർ: കണ്ണൂർ പൊലീസ് ട്രെയിനിങ് സെന്‍ററിന് മുന്നിലെ കാഴ്‌ച കണ്ട് വഴിയാത്രക്കാരും വാഹനയാത്രക്കാരും ഒന്ന് അമ്പരന്നു. ഒരു സ്‌ത്രീ തൂങ്ങി മരിച്ചു കിടക്കുന്നു. ചുറ്റും കുറേ പൊലീസ് ഉദ്യോഗസ്ഥർ, പൊലീസ് വാഹനം. അകത്ത് കയറിയപ്പോഴാണ് പലർക്കും കാര്യം മനസിലായത്.
കേരള പൊലീസ് അസോസിയേഷൻ കണ്ണൂർ സിറ്റി ജില്ല കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ജോർജ് ഫ്രാൻസിസ് പഠനകേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തിൽ നടത്തുന്ന ക്ലാസായിരുന്നു. കേസ് എഴുത്തിന്‍റെ പ്രായോഗിക പാഠങ്ങൾ എന്ന വിഷയത്തിലായിരുന്നു ക്ലാസ്. ഇതിന്‍റെ ഭാഗമായി ഇൻക്വസ്‌റ്റ് നടപടികളുമായി ബന്ധപ്പെട്ട വിഷയത്തിലെ പരിശീലനമാണ് വേറിട്ടതായത്.
ക്ലാസിനായി രണ്ട് ഡമ്മി മാതൃകകൾ രൂപപ്പെടുത്തി. കെട്ടിയിട്ട് കഴുത്തറുത്ത നിലയിലുള്ള ഒരു മാതൃകയും, തൂങ്ങി മരിച്ച ഒരു സ്‌ത്രീയുടെ മാതൃകയും ആയിരുന്നു. മൃതദേഹം കണ്ടത് മുതൽ ഉദ്യോഗസ്ഥർ ചെയ്യേണ്ട കാര്യങ്ങളാണ് ക്ലാസിൽ വിശദീകരിച്ചത്.
കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ ഇളംഗോ ഐപിഎസ്, അസിസ്‌റ്റന്‍റ് കമ്മിഷണർ സദാനന്ദൻ, റിട്ടയേര്‍ഡ് എസ്‌ഐമാരായ രവി, ജയചന്ദ്രൻ, ജില്ല ഫോറൻസിക് സർജൻ ഡോക്‌ടർ അഗസ്‌റ്റിൻ തുടങ്ങിയവരാണ് ക്ലാസ് എടുത്തത്. കണ്ണൂർ ജില്ല പൊലീസ് സഹകരണ സംഘത്തിന്‍റെ സഹായത്തോടുകൂടി നടത്തുന്ന പരിശീലന പരിപാടി പഠിതാക്കൾക്കും പുതിയ അനുഭവമായിരുന്നു.
ഓരോ സ്‌റ്റേഷനിൽ നിന്നും തിരഞ്ഞെടുത്ത 35 പഠിതാക്കളാണ് ക്ലാസിൽ പങ്കെടുക്കുന്നത്. പഠനകേന്ദ്രം അക്കാദമി കോർഡിനേറ്റർ ഷൈജു മച്ചാത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പൊലീസ് ഉദ്യോഗസ്ഥരായ സിനീഷ്, സന്ദീപ് കുമാർ, കൃഷ്‌ണൻ, രാജേഷ് കടമ്പേരി തുടങ്ങിയവർ പങ്കെടുത്തു.