കണ്ണൂര്‍: ആവശ്യത്തിന് അധ്യാപകരില്ലാത്തിനെ തുടര്‍ന്നുള്ള പ്രതിസന്ധിയിലാണ് പൊതുവിദ്യാഭ്യാസ രംഗത്തെ കായിക മേഖല. ഒരു കായിക അധ്യാപകന്‍ വിരമിക്കുമ്പോള്‍ ആ തസ്‌തികയിലേക്ക് പുതിയ നിയമനം നടത്തേണ്ടത് അനിവാര്യമാണ്. എന്നാല്‍ ആ സ്ഥാനത്തേക്ക് പുതിയ നിയമനങ്ങള്‍ നടക്കാന്‍ വൈകുന്നത് മൂലം വിദ്യാര്‍ഥികളും മറ്റ് അധ്യാപകരും ഒരു പോല പ്രയാസമനുഭവിക്കുന്നുണ്ട്.
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആവശ്യത്തിന് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അധ്യാപകരില്ലാത്താണ് സ്‌കൂള്‍ കായിക മേഖല നേരിടുന്ന പ്രധാന വെല്ലുവിളി. അധ്യാപകരുടെ അപര്യാപ്‌തത മൂലം പി ടി പിരീഡുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് മുറികളില്‍ തന്നെ സമയം ചെലവഴിക്കേണ്ടി വരുന്നു. പലപ്പോഴും പലയിടങ്ങളിലും മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകരാവും കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നത്.
ഇങ്ങനെ വരുമ്പോള്‍ കുട്ടികള്‍ക്ക് ശാസ്‌ത്രീയമായ പരിശീലനം ലഭിക്കില്ല. അത് വിവിധ കായിക മേളകളില്‍ ഉള്‍പ്പടെ പങ്കെടുക്കുന്ന വളര്‍ന്നുവരുന്ന കായിക പ്രതിഭകളുടെ പ്രകടനത്തെയും സാരമായി ബാധിക്കും. ഒരു കുട്ടി കായിക താരമായി വളരണമെങ്കില്‍ എല്‍പി ഘട്ടം മുതല്‍ തന്നെ ശരിയായ രീതിയില്‍ ചിട്ടയായ പരിശീലനം നല്‍കണമെന്നാണ് മുന്‍ കായിക അധ്യാപകന്‍ പിവി കമലാക്ഷന്‍ പറയുന്നത്.
കൃത്യമായ പരിശീലനത്തിന്‍റെ അഭാവം കായിക മേളയിലും, മറ്റ് മത്സരങ്ങളിലും പങ്കെടുക്കുന്ന വിദ്യാർഥികളുടെ പ്രകടനത്തെ സാരമായി ബാധിക്കുന്നുണ്ട്. വിദ്യാഭ്യാസ വകുപ്പും, സർക്കാറും ഇടപെട്ട് സ്‌കൂളുകളിൽ ആവശ്യത്തിന് കായിക അധ്യപകരെ നിയമിക്കണമെന്നാണ് ഈ മേഖലയിലുള്ളവരുടെ ആവശ്യം.