കണ്ണൂർ: വെള്ളാട് നെല്ലിക്കുന്നിൽ പ്രവർത്തിച്ചു വന്ന വ്യാജവാറ്റു കേന്ദ്രത്തിൽ നിന്നും എക്സൈസ് സംഘം 425 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി നശിപ്പിച്ചു. ആലക്കോട് റെയിഞ്ച് എക്സൈസ് സംഘമാണ് നെല്ലിക്കുന്നിലെ അച്ചാറ്കൊല്ലി തോടിന്‍റെ സമീപത്ത് പ്രവർത്തിച്ചിരുന്ന വ്യാജവാറ്റു കേന്ദ്രത്തിൽ നിന്നും വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തത്.
കഴിഞ്ഞ ദിവസം വൈകുന്നേരം നടത്തിയ പരിശോധനയിൽ വാറ്റുകേന്ദ്രം കണ്ടെത്തിയതിനെ തുടർന്ന് പ്രതി അനീഷിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു. ഇയാൾ സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. ചെങ്കുത്തായ തോട്ടരികിലെ ഇഞ്ചക്കാടുകൾക്കിടയിൽ ഉള്ള വ്യാജ വാറ്റു കേന്ദ്രത്തിൽ നിന്ന് നിരവധി വാറ്റുപകരണങ്ങളും കണ്ടെടുത്തിട്ടുണ്ട്. ഓർഡർ പ്രകാരം വൻ വിലയ്ക്ക് സമീപ പ്രദേശങ്ങളിൽ വാറ്റു ചാരായം എത്തിച്ചു കൊടുക്കുന്ന സംഘം പ്രതിക്കൊപ്പമുള്ളതായും സൂചനയുണ്ട്. പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ചു.
ആലക്കോട് എക്സൈസ് സംഘം മലയോര മേഖലകളിൽ തുടർച്ചയായി നടത്തുന്ന പരിശോധനകളിൽ ദിനംപ്രതി നിരവധി വ്യാജമദ്യ കേസുകളാണ് കണ്ടെത്തുന്നത്. വ്യാജവാറ്റുമായി ബന്ധപ്പെട്ട് ഈ ആഴ്ചയിൽ രജിസ്റ്റർ ചെയ്ത നാലാമത്തെ കേസാണിത്. പ്രിവൻ്റീവ് ഓഫീസർ കെ.അഹമ്മദിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് വാറ്റ് കേന്ദ്രം കണ്ടെത്തിയത്.