കണ്ണൂർ: പരിയാരത്ത് രണ്ട് നാടന്‍ തോക്കുകളും ഏഴ് തിരകളുമായി ഒരാൾ പൊലീസ് പിടിയിൽ. പെരുവാമ്പ ഓടമുട്ട് സ്വദേശി നടുപ്പറമ്പില്‍ വീട്ടില്‍ രത്നാകരനെയാണ് (69) പ്രിന്‍സിപ്പല്‍ എസ്ഐ ടിഎസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ കടന്നപ്പള്ളി പാടിയില്‍ വെച്ചാണ് പ്രതിയെ പിടികൂടിയത്. പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ട രത്നാകരന്റെ കൂട്ടാളിക്ക് വേണ്ടിയുളള അന്വേഷണം നടക്കുകയാണ്.
കടന്നപ്പള്ളി, പാണപ്പുഴ, പറവൂര്‍, കാരക്കുണ്ട് പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് നിരവധി നായാട്ട് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി ലഭിച്ച വിവരത്തെ തുടര്‍ന്നാണ് പൊലീസ് റെയ്ഡ് നടത്തിയത്. കർണാടക സുള്ള്യയിൽ നിന്നും പഴയ തോക്കുകൾ വാങ്ങി റിപ്പയർ ചെയ്ത് 30000 രൂപക്ക് വരെ നായാട്ടുകാർക്ക് വില്പന നടത്തുന്ന സംഘത്തെപ്പറ്റി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പയ്യന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.