കണ്ണൂർ: കൊവിഡ് കാലത്ത് സ്വയം സുരക്ഷ ഒരുക്കുക എന്നതാണ് പ്രധാനം. അത്തരത്തിൽ ഒരു വർഷത്തോളമായി പൊതു സമ്പർക്കം ഒഴിവാക്കാനായി സൈക്കിൾ ചവിട്ടി ജോലിക്കെത്തുകയാണ് തളിപ്പറമ്പിലെ ഒരു ഹോം ഗാർഡ് ഉദ്യോഗസ്ഥൻ. തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലെ ഹോം ഗാർഡായ വി.വി പവിത്രനാണ് സൈക്കിളിൽ സഞ്ചരിച്ച് ജോലിക്കെത്തുത്. കൊവിഡ് തുടങ്ങിയത് മുതൽ സൈക്കിളിലാണ് 60 കാരനായ പവിത്രൻ്റെ യാത്ര. ദിവസവും 20 കിലോമീറ്ററാണ് വിവി പവിത്രൻ സൈക്കിളിൽ സഞ്ചരിക്കുന്നത്.
Also read: കൊറോണിൽ കിറ്റിനെതിരെ കേന്ദ്രത്തിന് കത്തെഴുതി ഐഎംഎ മഹാരാഷ്ട്ര ഘടകം
രാവിലെ കൊട്ടില ഗവ ഹയർ സെക്കണ്ടറി സ്‌കൂളിന് സമീപത്തെ വീട്ടിൽ നിന്നും 10 കിലോ മീറ്റർ സൈക്കിൾ ചവിട്ടിയാണ് തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ എത്തുന്നത്. ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചുള്ള യാത്രയും സൈക്കിളിൽ തന്നെയാണ്. നേരത്തെ ബസിലായിരുന്നു പവിത്രൻ്റെ യാത്ര. എന്നാൽ കൊവിഡിൻ്റെ പ്രശ്‌നങ്ങൾ തുടങ്ങിയത് മുതൽ സൈക്കിളെടുത്ത് ജോലിക്ക് പോകാൻ തീരുമാനിക്കുകയായിരുന്നു.
പവിത്രൻ കഴിഞ്ഞ ഒരു വർഷമായി ഈ സൈക്കിൾ യാത്ര തുടരുകയാണ്. 11 വർഷത്തോളമായി ഹോം ഗാർഡ് എന്ന നിലയിൽ സേവനമനുഷ്‌ഠിക്കുകയാണ് ഇദ്ദേഹം. ഇതിൽ എട്ട് വർഷവും ജോലി ചെയ്‌തത് തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലാണ്. പയ്യന്നൂർ, കണ്ണപുരം, കണ്ണൂർ എന്നീ പൊലീസ് സ്റ്റേഷനുകളിലും ഈ മുൻ കരസേന ഉദ്യോഗസ്ഥൻ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. തൻ്റെയും സമൂഹത്തിൻ്റെയും സുരക്ഷ കണക്കിലെടുത്തുള്ള പവിത്രൻ്റെ ഈ മാതൃകാപരമായ തീരുമാനം അഭിനന്ദനാർഹമാണ്.