കണ്ണൂർ: ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിയും ലിംഗ സമത്വവും ചര്‍ച്ച ചെയ്ത് ചരിത്ര കോൺഗ്രസ് അവസാനിച്ചു. 'ശബരിമലയും കേരളത്തിലെ സ്ത്രീകളുടെ വ്യക്തിത്വവും' എന്ന വിഷയത്തില്‍ പാര്‍വതി മേനോനും 'സ്ത്രീ ശരീരത്തിന്റെയും ലൈംഗികതയുടെയും ലിംഗവത്കരണം' എന്ന വിഷയത്തില്‍ ഡല്‍ഹി സര്‍വകലാശാലയിലെ ശാലിനി ഷായുമാണ് പ്രബന്ധം അവതരിപ്പിച്ചത്. കേരള സമൂഹത്തില്‍ സ്ത്രീകളുടെ വ്യക്തിത്വം സംബന്ധിച്ച വൈരുദ്ധ്യമാണ് ശബരിമല വിഷയം കാണിക്കുന്നതെന്ന് പാര്‍വതി മേനോന്‍ പറഞ്ഞു. സ്ത്രീകളെ തരംതാഴ്ത്തുന്ന ആചാരങ്ങള്‍ക്കെതിരായ സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ ആ പ്രക്രിയ പൂര്‍ത്തിയാക്കിയില്ലെന്നതാണ് ഇതിന് ഒരു കാരണമെന്നും കേരളത്തില്‍ വീടിനകത്തും കുടുംബത്തിലും സ്ത്രീ- പുരുഷ ബന്ധത്തിലും സ്ത്രീകള്‍ക്ക് സ്വയംഭരണം ഇല്ലാത്തത് ഇതിന്റെ തെളിവാണെന്നും പാർവതി കൂട്ടിച്ചേർത്തു. കേരളത്തില്‍ സ്ത്രീ വിമോചനം ഏതാനും ചട്ടക്കൂടുകളില്‍ മാത്രമാണ് സംഭവിച്ചത്. പുതിയ രീതിയിലുള്ള അടിച്ചമര്‍ത്തലുകള്‍ക്ക് കേരള സ്ത്രീ ഇരയാവുകയാണ്. പിതൃദായക്രമത്തിന്റെ ഇരയാണ് സ്ത്രീയെന്നും അതിനു കാരണം ലിംഗമാണെന്നും ഇ എം എസ് അഭിപ്രായപ്പെട്ടിരുന്നതായി പാര്‍വതി മേനോന്‍ പറഞ്ഞു.
ചരിത്രാന്വേഷണത്തിന്റെ ഒരു മേഖല എന്ന നിലയില്‍ മനുഷ്യ ശരീരത്തെ ചരിത്രകാരന്മാര്‍ ഇത്രയും കാലം അവഗണിച്ചുവെന്ന് ഡല്‍ഹി സര്‍വകലാശാലയിലെ ശാലിനി ഷാ പറഞ്ഞു. സ്ത്രീശരീരത്തെക്കുറിച്ച് സമൂഹ മനസാക്ഷിക്ക് ചിന്തിക്കാനും അസ്വസ്ഥരാക്കാനും ശബരിമല സ്ത്രീ പ്രവേശന വിവാദത്തിന് കഴിഞ്ഞതായി അവര്‍ പറഞ്ഞു. ബ്രഹ്മചാരിയായ പ്രതിഷ്ഠയെ ഒരു പ്രത്യേക പ്രായപരിധിയില്‍പ്പെട്ട സ്ത്രീയുടെ സാന്നിധ്യം മലിനീകരിക്കുന്നതിനു പുറമെ ഭീഷണിയാവുന്നുവെന്നും പക്ഷം പിടിക്കുന്നത് സംസ്‌കൃത- ബ്രാഹ്മണ പാരമ്പര്യമാണെന്നും അവര്‍ പറഞ്ഞു. അരുണ്‍ ബന്ദോപാധ്യായ, ഉമ ചതോപാധ്യായ, ഷിറീന്‍ മൂസ്വി, രാജശേഖര്‍ ബസു എന്നിവരും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഉത്സ പട്‌നായിക് അധ്യക്ഷയായി. ചരിത്രം നാള്‍ക്കുനാള്‍ നവീകരിക്കണമെന്ന സന്ദേശം മുന്നോട്ട് വെച്ചാണ് എൺപാതമത് ദേശീയ ചരിത്ര കോണ്‍ഗ്രസ് സമാപിച്ചത്. മൂന്നു ദിവസങ്ങളിലായി കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ നടന്ന ചരിത്ര കോണ്‍ഗ്രസില്‍ ചരിത്രകാരന്മാരായ ഇര്‍ഫാന്‍ ഹബീബ്, അമിയ കുമാര്‍ ബാഗ്ചി, മഹാലക്ഷ്മി രാമകൃഷ്ണന്‍, ഡോ കെ കെ എന്‍ കുറുപ്പ്, പ്രൊഫസര്‍ ഡോ. രാജന്‍ ഗുരുക്കള്‍, പ്രൊഫസര്‍ രാജന്‍ വെളുത്താട്ട് തുടങ്ങിയവര്‍ വിവിധ ദിവസങ്ങളില്‍ പ്രബന്ധാവതരണം നടത്തി.
ആധുനിക ഇന്ത്യ, സമകാലീന ഇന്ത്യ, മധ്യകാല ഇന്ത്യ എന്നീ വിഷയങ്ങളില്‍ സെമിനാര്‍ നടന്നു. 1200 ഓളം പ്രബന്ധങ്ങളാണ് ആറ് വ്യത്യസ്‌ത വിഷയങ്ങളിലായി അവതരിപ്പിച്ചത്. കേരള ചരിത്രവും ദളിത് ചരിത്രത്തെ ഭാഗമാക്കിയുള്ള സിമ്പോസിയവും സംഘടിപ്പിച്ചു. പൗരത്വ ഭേദഗതി ബില്ലിന് മേലുള്ള ചര്‍ച്ചകള്‍ ചരിത്ര കോണ്‍ഗ്രസില്‍ മുഴങ്ങി നിന്നു. ഇതിനു പുറമെ ഇന്ത്യയുടെ നാള്‍വഴികള്‍, മഹാഭാരതം തൊട്ട് ശബരിമല വിഷയം വരെയുള്ള ഇന്ത്യയിലെ സ്ത്രീ ജീവിതങ്ങള്‍, ഇന്ത്യയിലെ ദളിത് സാഹിത്യം തുടങ്ങി വ്യത്യസ്തങ്ങളായ പാനല്‍ ചര്‍ച്ചകളും ചരിത്രകോണ്‍ഗ്രസിനെ സമ്പന്നമാക്കി. ഏകദേശം 2000ത്തോളം പ്രതിനിധികളാണ് ചരിത്ര കോണ്ഗ്രസിന്റെ ഭാഗമായത്.