കണ്ണൂർ: ജില്ലയിലെ ഏക ജലവൈദ്യുത പദ്ധതിയും സംസ്ഥാനത്തെ ചെറുകിട ജലവൈദ്യുത പദ്ധതികളിൽ ഏറ്റവും വലിയ പദ്ധതിയുമായ ബാരാപോൾ ജലവൈദ്യുത പദ്ധതിക്ക് ചരിത്രനേട്ടം. വാർഷിക ഉൽപാദനമായ 36 ദശലക്ഷം യൂണിറ്റ് ഉൽപാദിപ്പിച്ചതിന് പിന്നാലെ ബാരാപോളിൻ്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഉൽപാദനമായ 40.52 ദശലക്ഷം യൂണിറ്റ് വൈദ്യുതി പവർഹൗസിൽ ഉൽപാദിപ്പിച്ച് കഴിഞ്ഞിരിക്കുകയാണ്. വാർഷിക ഉൽപാദനമായ 36എം.യു ഒക്ടോബർ 13നാണ് പിന്നിട്ടത്.
ALSO READ: നടൻ ജോജുവിൻ്റെ കാർ തകർത്ത സംഭവം; ഒരു കോണ്‍ഗ്രസ് നേതാവ് കൂടി അറസ്‌റ്റില്‍
2017-18 വർഷത്തിൽ കൈവരിച്ച 40.51 ദശലക്ഷം യൂണിറ്റ് ഉൽപാദനം മറികടന്നാണ് പുതിയ നേട്ടം കൈവരിച്ചിരിക്കുന്നത്. ജലം ലഭ്യമായതിനാൽ ഇപ്പോഴും എല്ലാ ജനറേറ്ററുകളും മുഴുവൻ സമയവും പ്രവർത്തിച്ചു വരികയാണെന്ന് അസിസ്‌റ്റൻ്റ് എഞ്ചിനീയർ അനീഷ് അരവിന്ദ് പറഞ്ഞു. ജനുവരി വരെ ഉൽപാദനം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
5 മെഗാവാട്ടിൻ്റെ മൂന്ന് ജനറേറ്ററുകളുള്ള ബാരാപോളിൻ്റെ സ്ഥാപിതശേഷി 15 മെഗാവാട്ടാണ്. 2016 ഫെബ്രുവരി 29ന് രാജ്യത്തിന് സമർപ്പിച്ച പദ്ധതിയിൽ നിന്നും ഇതുവരെ ആകെ 150 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിച്ചു കഴിഞ്ഞു. കർണ്ണാടകയിലെ കുടകിൽ നിന്നും ഒഴുകി വരുന്ന ബാരാപോൾ പുഴയിലെ ജലം മൂന്നര കിലോമീറ്റർ നീളമുള്ള കനാലിലൂടെ ബാരാപോൾ പവർഹൗസിൽ എത്തിച്ചാണ് വൈദ്യുതി ഉൽപാദിപ്പിക്കുന്നത്.
ജനുവരിയാകുമ്പോൾ പുഴയിൽ ജലം പൂർണമായും കുറയും. എന്നാൽ പോലും ഇനിയുള്ള മൂന്ന് മാസം കൂടുതൽ ഉൽപാദനം നടക്കുമെന്ന പ്രതീക്ഷയിലാണെന്നും ചരിത്ര നേട്ടം കൈവരിക്കാൻ കഴിഞ്ഞതിൽ ജീവനക്കാർക്ക് അതിയായ സന്തോഷമുണ്ടെന്നും കൽക്കരി ക്ഷാമം മൂലം വൈദ്യുതി മേഖല പ്രതിസന്ധി നേരിട്ട കാലത്ത് മൂന്ന് ജനറേറ്ററുകളും ഫുൾ ലോഡിൽ മുഴുവൻ സമയവും പ്രവർത്തിപ്പിക്കാൻ കഴിഞ്ഞത് വലിയ നേട്ടമായി കണക്കാക്കുന്നതായും അനീഷ് അരവിന്ദ് പറഞ്ഞു.
ALSO READ: സിപിഎം സംസ്ഥാന സമിതി യോഗം; കോടിയേരിയുടെ മടങ്ങിവരവ് പ്രത്യേക ചര്‍ച്ചയാകും
ഇടയ്ക്ക് ഒരു ജനറേറ്ററിന് അറ്റകുറ്റപണികൾ വന്നിരുന്നെങ്കിലും രാത്രിയും പകലുമായി സമയബന്ധിതമായി ജോലികൾ പൂർത്തിയാക്കി ജനറേറ്റർ പ്രവർത്തനക്ഷമമാക്കിയിരുന്നു. മാർച്ച് ഏപ്രിൽ മാസങ്ങളിലെ വേനൽക്കാല അറ്റകുറ്റപ്പണികൾക്ക് ശേഷം മേയ് 28ന് ഉൽപാദനം ആരംഭിച്ചിരുന്നു. ജൂൺ മാസം മുതൽ പെയ്‌ത എല്ലാ മഴയും ഉപയോഗപ്പെടുത്താൻ കഴിഞ്ഞതാണ് ഈ ചരിത്ര നേട്ടത്തിലേക്ക് പദ്ധതിയെ എത്തിച്ചത്.
2017ൽ മികച്ച ഉൽപാദനം നടന്നിരുന്നെങ്കിലും 2018-ലെയും 2019-ലെയും പ്രളയങ്ങൾ കാര്യങ്ങൾ മാറ്റിമറിച്ചു. 2018ലെ പ്രളയത്തിന് ശേഷം ജനറേറ്ററുകളുടെ റണ്ണർ ഉൾപ്പടെയുള്ള പ്രധാന ഭാഗങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ഉൽപാദനം പൂർണമായും നിർത്തിവയ്ക്കുകയും ചെയ്‌തിരുന്നു. തുടർന്ന് 2019ൽ പ്രവർത്തനം പുനരാരംഭിച്ചെങ്കിലും കാര്യമായ നേട്ടം കൈവരിക്കാൻ കഴിഞ്ഞിരുന്നില്ല.