കണ്ണൂർ: സെപ്റ്റംബർ 14 ഹിന്ദി ദിനത്തോടനുബന്ധിച്ച് (Hindi day) മാത്തിൽ ഗവ ഹയർസെക്കഡറി (Mathil govt.higher secondary school) സ്‌കുളിൽ നടത്തിയ ഹിന്ദി അസംബ്ലി ഉത്തർ പ്രദേശ് സ്വദേശിയായ മനോജ് സിങ് രജപുത്തിന്‍റെ (manoj singh rajaput) സാന്നിധ്യം കൊണ്ട് കുട്ടികൾക്കും അധ്യാപകർക്കും വേറിട്ട അനുഭവമായി.
സ്‌കുളിൽ ഇലക്ട്രിക്കൽ വർക്കിന്‍റെ ഭാഗമായാണ് മനോജ് സിങ് രജപുത്ത് സ്‌കുളിൽ എത്തിയത്. സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ഹിന്ദി അസംബ്ലിയിൽ ഹിന്ദി കവികളെ കുറിച്ച് സംസാരിക്കാൻ പ്രഥമാധ്യാപകൻ പി.കെ.ഭാർഗവനോട് അനുവാദം ചോദിക്കുകയും തുടർന്ന് കുട്ടികളോട് സംവദിക്കുകയുമായിരുന്നു.
പ്ലസ് ടു സയൻസ് വിജയിയായ മനോജ് സിങ് രജപുത്ത് ഇംഗ്ലീഷ് അധ്യാപകനാകാനുള്ള തന്‍റെ ആഗ്രഹവും കുട്ടികളുമായി പങ്കുവച്ചു. തുടർ പഠനത്തിന് പണം കണ്ടെത്തുവാനാണ് കേരളത്തിൽ വന്ന് തൊഴിൽ ചെയ്യുന്നതെന്നും പറഞ്ഞു. മൈഥിലി ശരൺ ഗുപ്‌ത, ജയശങ്കർ പ്രസാദ്, മഹാദേവി വർമ്മ തുടങ്ങിയ കവികളുടെ വരികൾ ഉദ്ധരിച്ച് നടത്തിയ പ്രസംഗം കുട്ടികൾ അത്ഭുതത്തോടെയും താത്‌പര്യത്തോടെയുമാണ് കേട്ടു നിന്നത്.
കേരളത്തിൽ എത്താനായത് തന്നെ വളരെ സന്തോഷിപ്പിച്ചു എന്നും ഇവിടത്തെ അന്തരീക്ഷം തന്നെ വളരെ ആകർഷിച്ചു എന്നും മനോജ് സിങ് രജപുത്ത് പറഞ്ഞു. മാത്തിൽ ഗവ ഹയർ സെക്കൻഡറി സ്‌കുളിൽ ഇലക്ട്രിക്ക് ജോലിക്കെത്തിയ മനോജ് സിങ് രജപുത്തിനോട് ഇംഗ്ലീഷ് അധ്യാപകനായ പി.രമേശൻ എന്താണ് ലക്ഷ്യമെന്ന് ചോദിച്ചപ്പോൾ പ്ലസ് ടു സയൻസ് കഴിഞ്ഞ താൻ ഇംഗ്ലീഷ് അധ്യാപകനാകുവാനാണ് തൊഴിൽ ചെയ്യുന്നതെന്ന് ഇംഗ്ലീഷിൽ വിവരിച്ചപ്പോളാണ് സ്‌കുളിൽ എത്തിയ അതിഥി തൊഴിലാളി പ്രതിഭയാണെന്ന് കണ്ടെത്തിയത്. മനോജ് സിങ് രജപുത്ത് നടത്തിയ ഹിന്ദിയിലുള്ള പ്രസംഗം അധ്യാപകരായ സി.വി.ഉണ്ണികൃഷ്‌ണനും എൻ.സുരേഷും വീഡിയോ എടുത്ത് നവമാധ്യമങ്ങളിൽ ഇട്ടതോടെ പ്രസംഗവും വൈറലായി.