കണ്ണൂർ: ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നുണ്ടായ ശക്തമായ കാറ്റിലും മഴയിലും ജില്ലയില്‍ വ്യാപകമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. ജില്ലയിൽ 21 വീടുകള്‍ ഭാഗികമായും ഒരു കിണര്‍ പൂര്‍ണമായും തകര്‍ന്നു. തലശേരി താലൂക്കില്‍ 11 വീടുകളും തളിപ്പറമ്പ് താലൂക്കില്‍ ഒമ്പത് വീടുകളും ഇരിട്ടി താലൂക്കില്‍ ഒരു വീടുമാണ് ഭാഗികമായി തകര്‍ന്നത്. കോടിയേരി മുബാറക് ഹയര്‍ സെക്കന്‍ററി സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. മഴ ശക്തമായതിനെ തുടര്‍ന്ന് ഇരിട്ടി, തളിപ്പറമ്പ് താലൂക്കുകളിലും കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചു.
ജില്ലയില്‍ ഇതുവരെ 53.2 ഹെക്ടര്‍ കൃഷി നാശമുണ്ടായാതായി അധികൃതർ വ്യക്തമാക്കി. പലയിടങ്ങളിലും കടല്‍ കയറി നിരവധി വീടുകളിൽ വെള്ളം കയറി. വീടുകൾക്കും മതിലുകൾക്കും കേടുപാടുകൾ സംഭവിച്ചു. കടലാക്രമണം ഉണ്ടായ സ്ഥലങ്ങളിലെ നിരവധി പേരെ ബന്ധുവീടുകളിലേക്ക് മാറ്റി താമസിപ്പിച്ചു. ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാണെന്നും മഴ കൂടുതൽ ശക്തിപെടുകയാണെങ്കിൽ തീര പ്രദേശത്തുള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റുമെന്നും മേയർ ടി ഒ മോഹനൻ പറഞ്ഞു.
ജില്ലയിൽ കനത്ത മഴ കാറ്റും തുടരുകയാണ്. ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കടൽക്ഷോഭം രൂക്ഷമായ തീരപ്രദേശങ്ങളിലാണ് നാശനഷ്ടങ്ങളേറെയും റിപ്പോർട്ട് ചെയ്യുന്നത്. തലശേരി, തയ്യിൽ, മൈതാനപ്പളളി, പയ്യാമ്പലം, മാട്ടൂൽ തുടങ്ങിയ സ്ഥലങ്ങളിൽ മതിൽ തകരുകയും വീടുകളിൽ വെള്ളം കയറുകയും ചെയ്തു. പയ്യന്നൂരിൽ മരം കടപുഴകി വീണ വീട് ഭാഗികമായി തകർന്നു. കൈവേലിക്കലിൽ വീടിന്‍റെ ഒരു ഭാഗവും കിണറും ഇടിഞ്ഞുതാണു.
Also Read:ലക്ഷദ്വീപിൽ കനത്ത കാറ്റും മഴയും; കടലാക്രമണം രൂക്ഷം
ചൊക്ലി പെട്ടിപാലത്ത് മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. തളിപ്പറമ്പിൽ വീടിന് മുകളിൽ മതിലിടിഞ്ഞു വീണ് വീട് ഭാഗികമായി തകർന്നു. സമീപത്തെ വീടിന്‍റെ മതിലാണ് ചുണ്ടയിൽ സുമതിയുടെ വീടിന്‍റെ അടുക്കള ഭാഗത്തേക്ക് ഇടിഞ്ഞ് വീണത്. ചെങ്ങളായി പെരിങ്കോന്നിൽ വീടിന്‍റെ മതിൽ പൂർണമായും തകർന്നു. മലയോരങ്ങളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ ഭീഷണിയുള്ളതിനാൽ കനത്ത ജാഗ്രത തുടരുകയാണ്.