കണ്ണൂർ: രണ്ട് ദിവസങ്ങളിലായി തുടരുന്ന കനത്ത മഴയിൽ നിരവധി റോഡുകൾ വെള്ളത്തിനടിയിലായി. കുപ്പം, കുറ്റിക്കോൽ പുഴകൾ കരകവിഞ്ഞൊഴുകി. തളിപ്പറമ്പിലെ വടക്കാഞ്ചേരി-പാറാട് മേഖലകളിൽ വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളിലെ 15 ലധികം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തളിപ്പറമ്പിലെ നിരവധി താഴ്ന്ന മേഖലകൾ വെള്ളത്തിനടിയിലായി.
കുപ്പം, കുറ്റ്യേരി, വെള്ളാവ്, വടക്കാഞ്ചേരി, പാറാട്, ചാലത്തൂർ, കുറുമാത്തൂർ പ്രദേശങ്ങളിൽ റോഡുകളിലും നിരവധി വീടുകളിലും വെള്ളം കയറി. വെള്ളപ്പൊക്ക ഭീഷണിയെ തുടർന്ന് പാറാട് 10 കുടുംബങ്ങളെയും വടക്കാഞ്ചേരിയിൽ അഞ്ച് കുടുംബങ്ങളെയും മാറ്റിപ്പാർപ്പിച്ചു. ബന്ധുവീടുകളിലേക്കാണ് ഇവരെ മാറ്റിയത്. നിരവധി കടകളിലും വെള്ളം കയറിയിട്ടുണ്ട്. കുപ്പത്ത് രണ്ട് വീടുകളിൽ വെള്ളം കയറി. കാക്കാത്തോട് ബസ് സ്റ്റാൻഡ്, രാജരാജേശ്വരം അമ്പലം റോഡ് എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. തളിപ്പറമ്പിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. നിരവധി സ്ഥലങ്ങളിൽ കൃഷി നാശവും മണ്ണിടിച്ചിലും ഉണ്ടായി.