കണ്ണൂര്‍: കഴിഞ്ഞ ദിവസമുണ്ടായ ഇടിമിന്നലില്‍ കണ്ണൂര്‍ ജില്ലയുടെ മലയോര മേഖലകളിൽ കനത്ത നാശനഷ്‌ടം. വീടുകള്‍ തകരുകയും കര്‍ഷിക വിളകള്‍ നശിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം പുലര്‍ച്ചെയോടെയാണ് മലയോര മേഖലകളിൽ കനത്ത മഴയും ഇടിമിന്നലും ഉണ്ടായത്. ചെങ്ങളായി അരിമ്പ്ര സ്വദേശി കെ പി അബ്ദുൽ നാസറിന്‍റെ വീട്ടിലെ അടുക്കള ഭാഗം ഇടിമിന്നലില്‍ തകര്‍ന്നു. വര്‍ക്ക് ഏരിയയിലെ ടൈല്‍സ് പൊട്ടിത്തെറിച്ച് സമീപത്തെ വീടിന്‍റെ ജനല്‍ച്ചില്ലുകള്‍ ചിതറി. ചുവരുകള്‍ക്ക് വിള്ളലും വീണു. വീടിന്‍റെ വയറിങും ഫ്രിഡ്‌ജും കത്തി നശിച്ച നിലയിലാണ്. ഇടിയുടെ ശബ്ദം കേട്ട് എഴുന്നേറ്റ് നോക്കിയപ്പോള്‍ എല്ലാം തകര്‍ന്ന നിലയിലായിരുന്നെന്നും തലനാരിഴക്കാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടതെന്നും വീട്ടുകാര്‍ പറഞ്ഞു.
കനത്ത മഴയിൽ പയ്യാവൂര്‍ ചുണ്ടപ്പറമ്പിൽ ജോസഫിന്‍റെ വീട് തെങ്ങ് വീണ് തകര്‍ന്നു. പുലര്‍ച്ചെയോടെയായിരുന്നു സംഭവം. വൻ ദുരന്തത്തിൽ നിന്നാണ് ജോസഫും കുടുംബവും രക്ഷപ്പെട്ടത്. നെടിയേങ്ങയില്‍ മരം റോഡിലേക്ക് വീണ് മുക്കാല്‍ മണിക്കൂറോളം ഗതാഗതം നിലച്ചു. മരം വൈദ്യുതി ലൈനില്‍ പതിച്ചെങ്കിലും ദുരന്തം ഒഴിവായി. അതേസമയം മരം മുറിച്ചു മാറ്റുന്നതിനിടെ സീനിയര്‍ ഫയര്‍ റെസ്‌ക്യു ഓഫിസര്‍ ടി സജീവന് സാരമായി പരിക്കേറ്റു. സമീപത്തെ കുഴിയില്‍ വീഴുകയായിരുന്നു. ഇദ്ദേഹത്തെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.