കണ്ണൂർ: സിപിഎം മുതിര്‍ന്ന നേതാവ് കോടിയേരി ബാലകൃഷ്‌ണന്‍റെ നിര്യാണത്തിൽ അനുശോചിച്ച് തിങ്കളാഴ്‌ച(ഒക്‌ടോബര്‍ 3) തലശ്ശേരി, ധർമ്മടം, കണ്ണൂർ മണ്ഡലങ്ങളിലും മാഹിയിലും ഹർത്താല്‍ ആചരിക്കും. സി പി എം കണ്ണൂര്‍ ജില്ല സെക്രട്ടറി എം വി ജയരാജനാണ് ഇക്കാര്യം അറിയിച്ചത്. കോടിയേരിയുടെ ഭൗതിക ശരീരം ഇന്ന്(02.10.2022) ഉച്ചയ്‌ക്ക് 11.30 ഓടെ കണ്ണൂരിലെത്തിക്കും.
ജില്ല സെക്രട്ടറി എം വി ജയരാജന്‍റെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങും. തുടർന്ന് തുറന്ന വാഹനത്തിൽ വിലാപ യാത്രയായി തലശ്ശേരി ടൗൺ ഹാളിലേക്ക് കൊണ്ടുപോകും. വിലാപ യാത്ര കടന്നു പോകുന്ന വഴിയിൽ 14 കേന്ദ്രങ്ങളിൽ കോടിയേരിക്ക് പ്രവർത്തകർ അന്ത്യാഭിവാദ്യം അർപ്പിക്കും.
മട്ടന്നൂർ ടൗൺ, നെല്ലൂന്നി, ഉരുവച്ചാൽ, നീർവേലി, മൂന്നാംപീടിക, തൊക്കിലങ്ങാടി, കൂത്തുപറമ്പ്, പൂക്കോട്, കോട്ടയംപൊയിൽ, ആറാം മൈൽ, വേറ്റുമ്മൽ, കതിരൂർ, പൊന്ന്യം സ്രാമ്പി, ചുങ്കം തുടങ്ങിയ ഇടങ്ങളിലൂടെ വിലാപയാത്രയായി തലശ്ശേരി ടൗൺഹാളിലെത്തിക്കും. ഇന്ന്(ഒക്‌ടോബര്‍ 2) രാത്രി 10 മണി വരെ പൂര്‍ണമായി തലശ്ശേരിയിലാണ് പൊതുദര്‍ശനം. നാളെ വീട്ടിലും കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനത്തിന് ശേഷം ഉച്ചയ്ക്ക് മൂന്നു മണിയോടെ പയ്യാമ്പലത്ത് മൃതദേഹം സംസ്‌കരിക്കും.
കോടിയേരിയോടുള്ള ആദര സൂചകമായി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സി പി എം പതാക പകുതി താഴ്ത്തിക്കെട്ടി. പലയിടങ്ങളിലും അനുശോചന യോഗങ്ങളും ചേരുന്നുണ്ട്. ശനിയാഴ്‌ച രാത്രി എട്ട് മണിയോടെ അപ്പോളോ ആശുപത്രിയിലാണ് കോടിയേരി ബാലകൃഷ്‌ണന്‍റെ അന്ത്യം സംഭവിച്ചത്. അർബുദ രോഗബാധിതനായി അദ്ദേഹം ചികിത്സയിലായിരുന്നു.