കണ്ണൂര്‍: ഒരു കാര്യം തീവ്രമായി ആഗ്രഹിച്ചാൽ അത് ഒരു നാൾ നിങ്ങളെ തേടിയെത്തും. കണ്ണൂർ സ്വദേശി ഫായിസ് നാസർ അത് അന്വർഥമാക്കുകയാണ്. ഒരു മണിക്കൂര്‍ 12 സെക്കന്‍റ് ചൂണ്ടുവിരലില്‍ ഫ്രൈയിങ് പാന്‍ കറക്കി ഇരുപത്തിയൊമ്പത് വയസുകാരനായ കണ്ണൂര്‍ സ്വദേശി ഫായിസ് നാസര്‍ മറികടന്നത് പാകിസ്ഥാൻ സ്വദേശി ജാവേദ് ഇഖ്ബാലിന്‍റെ പേരിലുള്ള 36 മിനിറ്റ് റെക്കോഡാണ്. വര്‍ഷങ്ങളുടെ കഠിനാധ്വാനവും ഇച്ഛാശക്തിയുമാണ് ഈ നേട്ടത്തിന് പിന്നില്‍.
പതിനൊന്നാം വയസിലാണ് ഫായിസ് പരിശീലനം ആരംഭിക്കുന്നത്. അബുദാബിയില്‍ ജോലി ചെയ്യുന്ന ഫായിസ് വിശ്രമവേളകളില്‍ കയ്യിലൊതുങ്ങുന്നതെല്ലാം ചൂണ്ടുവിരലില്‍ കറക്കി നോക്കും. 2017 ല്‍ 45 മിനിറ്റ് ചൂണ്ടുവിരലില്‍ പുസ്‌തകം കറക്കി ഏഷ്യാ ബുക്ക് ഓഫ് റെക്കോഡ് സ്വന്തമാക്കിയിരുന്നു. 2019 സെപ്തംബറിൽ ചൊക്ലി രാമവിലാസം ഹയർ സെക്കന്‍ററി സ്കൂളിൽ വച്ചാണ് മത്സരം നടന്നത്. മൂന്ന് മാസം മുമ്പ് ഫലം പ്രഖ്യാപിച്ചിരുന്നു.
ഗിന്നസ് സര്‍ട്ടിഫിക്കറ്റ് കണ്ണൂരില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മന്ത്രി ഇ.പി ജയരാജന്‍ ഫായിസിന് സമ്മാനിച്ചു. പുസ്‌തകവും ഫ്രൈയിങ് പാനും മാത്രമല്ല ക്ലോക്കും ലാപ്‌ടോപ്പും അങ്ങനെ ഭാരമുള്ള വസ്‌തുക്കളും ഫായിസ് ചൂണ്ടുവിരലില്‍ അനായാസം കറക്കും. ഇനി ലാപ്‌ടോപ്പ് കറക്കി റെക്കോഡ് സ്വന്തമാക്കണമെന്നാണ് ഫായിസിന്‍റെ ആഗ്രഹം. എല്ലാവിധ പിന്തുണയുമായി സഹോദരന്‍ ഫര്‍ഹാനും അമ്മാവന്‍ ഫൈസലും മറ്റ് കുടുംബാംഗങ്ങളും ഒപ്പമുണ്ടെന്ന് ഫായിസ് പറയുന്നു.