കണ്ണൂര്‍: മടങ്ങിയെത്തുന്ന പ്രവാസികൾക്ക് സൗജന്യ ക്വാറന്‍റൈന്‍ ഏർപ്പെടുത്താൻ തയ്യാറാണെന്ന് തളിപ്പറമ്പ് നഗരസഭാ ചെയർമാൻ മഹമൂദ് അള്ളാംകുളം. അതിനായി തനത് ഫണ്ടുപയോഗിക്കാൻ അനുമതി തേടി സർക്കാരിന് കത്തയച്ചു.തളിപ്പറമ്പ് നഗരസഭാ പരിധിയിൽപ്പെട്ട പ്രവാസികൾക്ക് ആരോഗ്യവകുപ്പിന്‍റെ മാനദണ്ഡങ്ങൾക്കും നിർദ്ദേശങ്ങൾക്കും അനുസരിച്ച് സൗജന്യ ക്വാറന്‍റൈൻ സംവിധാനമൊരുക്കാൻ തയ്യാറാണെന്നാണ് ചെയർമാൻ അറിയിച്ചത്. സർക്കാർ അനുമതിയില്ലെങ്കിൽ ജനകീയ പങ്കാളിത്തത്തോടെ നഗരസഭ സൗജന്യ ക്വാറന്‍റൈന്‍ ഒരുക്കുമെന്നും ചെയർമാൻ പറഞ്ഞു.
മടങ്ങിയെത്തുന്ന പ്രവാസികൾക്ക് സൗജന്യ ക്വാറന്‍റൈൻ തുടരാനാവാത്ത സ്ഥിതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് പ്രവാസികൾക്ക് സൗജന്യ ക്വാറന്‍റൈൻ നൽകാനുള്ള സന്നദ്ധത അറിയിച്ച് തളിപ്പറമ്പ് നഗരസഭാ ചെയർമാൻ രംഗത്ത് വന്നത്.