കണ്ണൂർ : സിപിഐക്ക് മറുപടിയുമായി സിപിഎം നേതാവ് പി ജയരാജൻ. പാർട്ടിയോടൊപ്പമുള്ള വിരലിലെണ്ണാവുന്ന ചിലർ ചെയ്ത തെറ്റിന്‍റെ പേരിൽ സംഘടനയോട് ആത്മാർഥത കാണിക്കുന്ന യുവാക്കളെയാകെ തള്ളിപ്പറയാൻ തയ്യാറല്ലെന്ന് ജയരാജൻ ഫേസ്ബുക്കില്‍ കുറിച്ചു.
പാർട്ടിയെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കാൻ ശ്രമിക്കുന്ന ലക്ഷക്കണക്കിന് യുവാക്കൾ അണിനിരക്കുന്ന പാർട്ടിയാണ് സിപിഎമ്മെന്നും അദ്ദേഹം വിശദീകരിച്ചു.
കഴിഞ്ഞ ദിവസം സിപിഎമ്മിനെതിരെ രൂക്ഷവിമർശനവുമായി സിപിഐ കണ്ണൂർ ജില്ല സെക്രട്ടറി അഡ്വ. പി സന്തോഷ് കുമാര്‍ രംഗത്തെത്തിയിരുന്നു.
More read: "ചെഗുവേരയുടെ ചിത്രം കുത്തിയാൽ കമ്മ്യൂണിസ്റ്റ് ആകുമോ", സിപിഎമ്മിനോട് സിപിഐ
ചെഗുവേരയുടെ ചിത്രം നെഞ്ചില്‍ പച്ചകുത്തിയും രാഷ്ട്രീയ എതിരാളികളെ വെട്ടിനുറുക്കിയും അല്ല കമ്മ്യൂണിസ്റ്റ് ആകേണ്ടത് എന്നതടക്കം രൂക്ഷ വിമർശനമായിരുന്നു അദ്ദേഹം ഉന്നയിച്ചത്. പിന്നാലെയാണ് ജയരാജന്‍റെ മറുപടി.
അർജുൻ ആയങ്കി ഉൾപ്പെട്ട സ്വർണക്കടത്ത്, ക്വട്ടേഷൻ ബന്ധങ്ങളിലാണ് സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ മുഖപത്രത്തില്‍ ലേഖനം വന്നത്.
രാമനാട്ടുകര ക്വട്ടേഷൻ സംഘം പാർട്ടിയെ ഉപയോഗിക്കുന്നു. ചെഗുവേരയുടെ ചിത്രം കുത്തിയാൽ കമ്മ്യൂണിസ്റ്റ് ആകില്ല. തില്ലങ്കേരിമാരുടെ പോസ്റ്റിന് കിട്ടുന്ന സ്വീകാര്യത ഇടതുപക്ഷം ചർച്ച ചെയ്യണം തുടങ്ങിയ പരാമര്‍ശങ്ങളുള്ളതായിരുന്നു സന്തോഷിന്‍റെ ലേഖനം.