കണ്ണൂര്‍: തളിപ്പറമ്പ് സർ സയ്യിദ് ഹയർസെക്കന്‍ററി സ്‌കൂൾ കെമിസ്ട്രി അധ്യാപിക റഹ്മത്ത് ബീവിയുടെ പരിയാരം ഇരിങ്ങലിലെ വീട്ടുമുറ്റത്ത് എത്തിയാൽ ചട്ടികളിൽ മനോഹരമായി ഒരുക്കി വെച്ച പൂച്ചെടികളാണ് വരവേൽക്കുക. ചെടികൾ നട്ടുപിടിപ്പിച്ച പൂച്ചട്ടികളെല്ലാം ടീച്ചര്‍ തന്നെ സ്വന്തമായി തയ്യാറാക്കിയതാണ്. അതില്‍ ഭൂരിഭാഗവും ലോക്ക് ഡൗണ്‍ കാലത്തെ ഇടവേളകളിലൊരുക്കിയതാണ്. ഐസ്ക്രീം ബോട്ടിലുകൾ, ബേസിനുകൾ തുടങ്ങിയവയില്‍ സിമന്‍റും മണലും ചേർത്തുള്ള മിശ്രിതം നിറച്ചാണ് പൂച്ചട്ടി നിര്‍മാണം.
ഒരു ദിവസം പരമാവധി പത്ത് വരെ ചട്ടികൾ ഉണ്ടാക്കും. യൂട്യൂബില്‍ കണ്ട വീഡിയോകളാണ് പൂച്ചട്ടി നിര്‍മാണത്തിന് പിന്നിലെ പ്രചോദനം. വീട്ടിലും മറ്റും പാഴാക്കി കളയുന്ന തുണികളുപയോഗിച്ച് ചവിട്ടി നിര്‍മാണവുമുണ്ട്. ലോക്ക് ഡൗണ്‍ കാലം ക്രിയാത്മകവും സർഗാത്മകവുമാക്കുമ്പോഴും നിര്‍മിച്ച പൂച്ചട്ടികൾക്ക് നിറം നല്‍കാന്‍ പെയിന്‍റ് ലഭിക്കാത്തതിന്‍റെ പരിഭവവും റഹ്മത്ത് പങ്കുവെക്കുന്നു. അബുദാബിയിൽ അക്കൗണ്ടന്‍റായ ഭർത്താവ് കെ.കെ.മഹറൂഫും മക്കളായ മെഹ്ജബിൻ, ഹംദാൻ എന്നിവരും റഹ്മത്തിന് പിന്തുണയുമായി ഒപ്പമുണ്ട്.