കണ്ണൂർ: ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ രണ്ട് പേര്‍ക്കും സമ്പര്‍ക്കം മൂലം രണ്ട് പേര്‍ക്കും ഒരു ആരോഗ്യപ്രവര്‍ത്തകനുമാണ് രോഗം സ്ഥിരീകരിച്ചത്. അതിനിടെ, ജില്ലയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 35 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം 1386 ആയി. ഇവരില്‍ 925 പേര്‍ ഇതിനകം രോഗമുക്തരായി ആശുപത്രി വിട്ടു.
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 9825 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്‍റ് സെന്‍ററിൽ 103 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 152 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 11 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 24 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ 13 പേരും കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 10 പേരും ഏഴിമല നാവിക സേനാ ആശുപത്രിയില്‍ രണ്ടു പേരും ഫസ്റ്റ് ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്‍റ് സെന്‍ററുകളില്‍ 92 പേരും വീടുകളില്‍ 9418 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ നിന്ന് ഇതുവരെ 30598 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 29304 എണ്ണത്തിന്‍റെ ഫലം വന്നു. 1294 എണ്ണത്തിന്‍റെ ഫലം ലഭിക്കാനുണ്ട്.