കണ്ണൂര്‍: ഒഴുക്കിനെതിരെ നീന്തി കുന്നുകയറി പ്രജനനത്തിനായി മീനുകളെത്തുന്നതിനെ കുറിച്ച് കേട്ടിട്ടുണ്ടോ..?. അമ്പരക്കാന്‍ വരട്ടെ, അങ്ങനെയൊന്നുണ്ട് കണ്ണൂരിലെ ചീമേനിയില്‍. മത്സ്യങ്ങള്‍ നടത്തുന്ന പ്രാദേശിക ദേശാടനമാണിത്. സാഹിത്യകാരന്‍ അംബികാസുതൻ മാങ്ങാടിൻ്റെ 'രണ്ട് മത്സ്യങ്ങളെന്ന' കഥയിൽ പരാമർശിക്കുന്ന ശൂലാപ്പ് കാവിലാണ് ഈ 'ദേശാടന പ്രതിഭാസം'.
ചീമേനിയിലെ കുന്നിൻ പരപ്പിലാണ് ശൂലാപ്പ് കാവ് സ്ഥിതിചെയ്യുന്നത്. കായലിൽ നിന്നും പുഴവഴിയും തോടുവഴിയുമാണ് ശൂലാപ്പ് കാവിലേക്ക് മീനുകള്‍ മുട്ടയിടാന്‍ എത്തുന്നത്. ഇവിടെ നിന്നുമാണ് കവ്വായി പുഴയുടെ ഒരു പ്രധാന പോഷക പ്രവാഹത്തിൻ്റെ ഉത്‌ഭവം. ആ നീർച്ചാലിലൂടെയാണ് കായലിൽ നിന്നും പുഴ വഴി നെടുംചൂരി മീനുകൾ ഇവിടെ മുട്ടയിടാനെത്തുന്നത്.
ഇടവപ്പാതിയുടെ തുടക്കത്തിൽ പുതുവെള്ളത്തിൽ ഒഴുക്കിനെതിരെ നീന്തിയാണ് ഇവ കുന്നുകയറുന്നത്. കാവിലെ കാടുകൾക്കിടയിലെ ജലാശയത്തിൽ മുട്ടകളിട്ട് തിരിച്ചുപോകും. മുട്ടകൾ വിരിഞ്ഞ് വളരുന്ന മീൻ കുഞ്ഞുങ്ങൾ അൽപം വലുതാകുന്നതോടെ അമ്മമാർ വന്ന വഴിയിലൂടെ തിരിച്ചു പോവണം.
മറ്റ് ഇടനാടൻ കുന്നുകളിലേക്കും ഇതുപോലെ മുട്ടയിടാൻ മീനുകൾ എത്താറുണ്ട്. ശൂലാപ്പ് കാവിൽ തൊട്ടടുത്ത് ചെങ്കൽ ഖനനമാണ്. കാവും പ്രദേശത്തെ തണുപ്പും നീരൊഴുക്കും മീനുകളുടെ സഞ്ചാരവും പ്രജനനവും ഇനിയും എത്രനാളുണ്ടാകുമെന്ന് കണ്ടറിയേണ്ടതാണെന്ന് പ്രദേശവാസികള്‍ പറയുന്നു.