കണ്ണൂർ: കുറുമാത്തൂർ വെളളാരംപാറയിലെ പൊലീസ് ഡമ്പിങ് യാർഡിൽ വൻ തീപിടിത്തം. നാട്ടുകാരെയും ഉദ്യോഗസ്ഥരെയും മുൾമുനയിൽ നിർത്തിയ തീപിടിത്തത്തിൽ നാന്നൂറോളം വാഹനങ്ങളാണ് കത്തിയമർന്നത്. നാലു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
വ്യാഴാഴ്ച്ച രാവിലെ 11.30 ഓടെ ഡമ്പിങ് യാർഡിൻ്റെ കിഴക്കുഭാഗത്തു നിന്നാണ് ആദ്യം തീപിടിത്തമുണ്ടായതെന്നാണ് നാട്ടുകാർ പറയുന്നത്. വിവിധ കേസുകളിൽ ഉൾപ്പെട്ട് തളിപ്പറമ്പ്, പഴയങ്ങാടി, പരിയാരം, ആലക്കോട്, മയ്യിൽ തുടങ്ങിയ സ്റ്റേഷനുകളിൽ പിടികൂടിയ നൂറുകണക്കിന് വാഹനങ്ങളാണ് ഡമ്പിങ് യാർഡിൽ ഉണ്ടായിരുന്നത്. ഞൊടിയിടയ്‌ക്കുള്ളിൽ തീ ഡമ്പിങ് യാർഡിലേക്ക് പടരുകയും വാഹനങ്ങൾക്ക് തീപിടിക്കുകയുമായിരുന്നു.
ശക്തമായ കാറ്റുണ്ടായിരുന്നതിനാൽ വളരെ വേഗത്തിൽ തീ പടരുകയായിരുന്നു. കൂടുതൽ വാഹനങ്ങളിലേക്ക് തീ പടർന്നതോടെ വിവരമറിഞ്ഞ് തളിപ്പറമ്പ് അഗ്നിശമന നിലയത്തിൽ നിന്ന് 3 യൂണിറ്റ് സേന സ്ഥലത്തെത്തി. എന്നാൽ ശക്തമായ പൊട്ടിത്തെറിയും തീയും പുകയും ഉണ്ടായതിനാൽ ഏറെ പാടുപെട്ടാണ് തീയണയ്ക്കൽ തുടർന്നത്.
തീ നിയന്ത്രണ വിധേയമാക്കി വൈകുന്നേരം 4 മണിയോടെയാണ് വെള്ളാരം പാറ വഴിയുള്ള ഗതാഗതം തുറന്നുകൊടുത്തത്. റൂറൽ എസ് പി ഹേമലത ഐപിഎസ്, കണ്ണൂർ ആർഎഫ്ഒ പി രഞ്ജിത്ത്, ആർഡിഒ ഇ പി മേഴ്‌സി, തഹസിൽദാർ പി സജീവൻ തുടങ്ങിയവർ സ്ഥലത്തെത്തിയിരുന്നു.