കണ്ണൂർ: ധനമന്ത്രി ഡോ തോമസ് ഐസക്ക് ബജറ്റ് പ്രസംഗത്തിൽ തന്‍റെ കവിത ചൊല്ലിയതിന്‍റെ ആഹ്‌ളാദത്തിലാണ് വിദ്യാർഥിനിയായ അരുന്ധതി. കണ്ണൂർ മൊകേരി രാജീവ് ഗാന്ധി ഹയർ സെക്കന്‍ററി സ്കൂൾ പ്ലസ് വൺ വിദ്യാർഥിനിയായാണ് അരുന്ധതി. കൂത്ത്പറമ്പ് സ്വദേശിനിയായ അരുന്ധതിയുടെ 'തൊഴിൽ രഹിത അഥവാ ഹൗസ് വൈഫ്' എന്ന കവിതയാണ് മന്ത്രി ചൊല്ലിയത്. സ്ത്രീകളുടെ പ്രയാസങ്ങളെക്കുറിച്ച് പറയുമ്പോഴാണ് ധനമന്ത്രി കവിത ചൊല്ലിയത്. രാവിലെ പ്രധാനധ്യാപകൻ സി.പി സുധീന്ദ്രൻ വിളിച്ചപ്പോഴാണ് അരുന്ധതി വിവരം അറിയുന്നത്. ധനമന്ത്രി തന്‍റെ കവിത ചൊല്ലിയത് സന്തോഷവും അതിലേറെ അഭിമാനകരവുമാണെന്ന് അരുന്ധതി പറഞ്ഞു.
സ്കൂളിലെ അധ്യാപകരുമായും, കൂട്ടുകാരുമായും അരുന്ധതി സന്തോഷം പങ്കിട്ടു. അക്ഷരമുറ്റം എന്ന ഓൺലൈൻ പ്ലാറ്റ്ഫോമിൽ നിന്നാണ് മന്ത്രി കവിത കണ്ടതെന്ന് അധ്യാപകർ പറഞ്ഞു. അരുന്ധതിക്കുള്ള ഉപഹാരം പ്രിൻസിപ്പൽ എ.കെ പ്രേമദാസനും, പ്രധാനധ്യാപകൻ സി പി സുധീന്ദ്രനും ചേർന്ന് കൈമാറി. പെരിങ്ങോം ഗവ കോളജ് പ്രിൻസിപ്പൽ ഡോ പിപി ജയകുമാറിന്‍റെയും, ഇരിട്ടി മഹാത്മ ഗാന്ധി കോളജ് പ്രൊഫസർ ഡോ ഷീജ നരോത്തിന്‍റെയും മകളാണ് അരുന്ധതി.