കണ്ണൂര്‍: ജയിൽടൂറിസം പദ്ധതിയുടെ ഭാഗമായുള്ള 'ഫീൽ ജയിൽ' പദ്ധതി കണ്ണൂർ സെൻട്രൽ ജയിലിൽ നടപ്പാക്കും. പണം കൊടുത്താല്‍ ആര്‍ക്കും ഒരു ദിവസം ജയിൽ അന്തേവാസിയാകാന്‍ കഴിയുന്ന പദ്ധതിയാണിത്. തെലങ്കാനയില്‍ നടപ്പാക്കി വിജയിച്ച പദ്ധതിയാണ് സംസ്ഥാനത്തും നടപ്പാക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും പഴക്കമുള്ള ജയിലുകളിലൊന്നായതിനാല്‍ 'ഫീല്‍ ജയില്‍' പദ്ധതി നടപ്പാക്കാന്‍ നറുക്ക് വീണത് കണ്ണൂരിനാണ്.
1869 ല്‍ ആണ് ജയിൽ സ്ഥാപിച്ചത്. ദേശീയപാതയ്ക്ക് സമീപത്തുള്ള ഈ ജയിലിൽ മ്യൂസിയവും സ്ഥാപിക്കുന്നുണ്ട്. ഇതിനായി ഡിടിപിസിയുടെ സഹായവും തേടും. സംസ്ഥാനത്തെ ജയിലുകളിൽ തുടങ്ങാന്‍ ഉദ്ദേശിക്കുന്ന ഷൂ ഫാക്ടറി അടുത്തവർഷം ആരംഭിക്കും. കണ്ണൂർ ചീമേനി തുറന്ന ജയിൽ, പൂജപ്പുര സെൻട്രൽ ജയിൽ, വിയ്യൂർ എന്നിവിടങ്ങളിലാണ് ഷൂ ഫാക്ടറി തുടങ്ങുക. കേരളത്തിലെ പൊലീസുകാർക്കും സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകള്‍ക്കുമുള്ള ഷൂ ജയിലിൽതന്നെ നിർമിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന് പുറമേ ചീമേനി തുറന്ന ജയിൽ, കണ്ണൂർ, തൃശൂർ, തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം എന്നീ ജയിലുകളില്‍ പെട്രോള്‍ പമ്പുകള്‍ സ്ഥാപിക്കാനും സര്‍ക്കാര്‍ തയ്യാറെടുക്കുന്നുണ്ട്.