കണ്ണൂർ: കേന്ദ്ര സർക്കാർ പുറത്തിറക്കിയ മൂന്ന് കാർഷിക നിയമ ഭേദഗതിക്കെതിരായി കർഷകർ നടത്തി വരുന്ന പ്രതിഷേധത്തിന് പിന്തുണയുമായി കണ്ണൂരിൽ നിന്ന് ഡൽഹിയിലേക്ക് കർഷക മാർച്ച്. ഈ മാസം 11 ന് ഡൽഹിയിലേക്ക് മാർച്ച് നടത്തുമെന്ന് കെ.കെ.രാഗേഷ് എം.പി അറിയിച്ചു. കിസാൻ സഭ ദേശീയ വൈസ് പ്രസിഡന്‍റ് എസ്.രാമചന്ദ്രൻ പിള്ള മാർച്ച് ഫ്ളാഗ് ഓഫ് ചെയ്യും.
കണ്ണൂരിലെത്തുന്ന സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സംഘം 14 ന് ഡൽഹി അതിർത്തിയിലെ ഷാജഹാൻപൂരിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. അഞ്ച് സമര കേന്ദ്രങ്ങളുള്ള ഡൽഹിയിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള സമരക്കാർ ഷാജഹാൻപൂരിലാണ് പ്രതിഷേധിക്കുന്നത്.
കഴിഞ്ഞ 40 ദിവസത്തിലേറെയായി ഡൽഹിയിൽ നടക്കുന്ന സമരത്തെ പഞ്ചാബിന്‍റെ മാത്രം സമരമായി ചുരുക്കി കാണിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. ഇതേത്തുടർന്നാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നടക്കമുള്ള കർഷകർ മാർച്ചിൽ പങ്കെടുക്കണമെന്ന് അഖിലേന്ത്യാ കിസാൻ സംഘർഷ് കോ ഓർഡിനേഷൻ കമ്മിറ്റി ആഹ്വാനം ചെയ്തതെന്നും രാഗേഷ് എം.പി. വ്യക്തമാക്കി.
ഏഴാം വട്ട ചർച്ചയും പരാജയപ്പെട്ടതിനെത്തുടർന്നാണ് മാർച്ച് നടത്താൻ തീരുമാനിച്ചതെന്നും 24 ന് കേരളത്തിൽ നിന്നുള്ള രണ്ടാമത്തെ സംഘവും ഡൽഹിയിലേക്ക് യാത്ര തിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.