കണ്ണൂർ : രാഷ്ട്രപതിയുടെ പേരിൽ വ്യാജ ഉത്തരവ് ചമച്ച് തട്ടിപ്പ് നടത്താൻ ശ്രമിച്ചയാളെ കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്‌തു. കോടതി റിമാൻഡ് ചെയ്‌ത ഇയാളെ, നെഞ്ചുവേദനയെ തുടർന്ന് കണ്ണൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്.ബി.ടിയില്‍ നിന്നും വിരമിച്ച കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി പി.പി.എം അഷ്റഫിനെയാണ് പൊലീസ് പിടികൂടിയത്.
കേസിലെ രണ്ടാംപ്രതിയും ഇയാളുടെ സഹോദരനുമായ പയ്യാമ്പലം റാഹത് മന്‍സിലിലെ പി.പി.എം ഉമ്മർ കുട്ടി ഒളിവിലാണ്. രണ്ടാപ്രതി ഉമ്മർകുട്ടിയുടെ ഉടമസ്ഥതയിലുള്ള കണ്ണൂർ ഫോർട് റോഡിലെ കെട്ടിടം നിർമാണ ചട്ടങ്ങൾ ലംഘിച്ചുള്ളതാണെന്നും പൊളിക്കണമെന്നും ആവശ്യപ്പെട്ട് കണ്ണൂർ കോർപ്പറേഷൻ സെക്രട്ടറി ഇയാൾക്ക് നോട്ടീസ് നൽകിയിരുന്നു.
എന്നാൽ, കോർപ്പറേഷൻ നടപടി ചട്ടവിരുദ്ധമാണെന്നും ഇത്തരം നോട്ടീസ് നൽകാൻ അധികാരമില്ലെന്നും നിർദേശിച്ചിട്ടുള്ള രാഷ്ട്രപതിയുടെ സർട്ടിഫിക്കറ്റ് മുനിസിപ്പൽ സെക്രട്ടറിയ്ക്ക് നൽകുകയായിരുന്നു. അസ്വഭാവിക ഉത്തരവ് കണ്ട് അമ്പരന്ന സെക്രട്ടറി, പൊലീസിനെ വിവരം അറിയിച്ചു.
വിശദമായ ചോദ്യം ചെയ്യലില്‍ തട്ടിപ്പ് പുറത്ത്
ഇതേ പകർപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, ഗവൺമെന്‍റ് സെക്രട്ടറി, കലക്‌ടര്‍ എന്നിവർക്കും പ്രതി അയച്ചിരുന്നു. പ്രസിഡൻഷ്യൽ ഡിക്രി എന്നപേരിൽ വളരെ വിശദമായി രാഷ്ട്രപതി നൽകിയ ഉത്തരവിൽ മന്ത്രിസഭയുടെ അധികാരമില്ലാതെ പാസാക്കിയ മുനിസിപ്പൽ ചട്ടങ്ങൾ നിയമ വിരുദ്ധമാണെന്നും അത് നിലനിൽക്കില്ലെന്നും പറയുന്നു.
രാഷ്ട്രപതിയുടെ ഉത്തരവിൽ സംശയം തോന്നിയതിനെ തുടർന്ന് ഉമ്മർകുട്ടിയുടെ സഹോദരൻ അഷ്റഫിനെ എ.സി.പി പി.പി സദാനന്ദൻ വിശദമായി ചോദ്യം ചെയ്‌തപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്. പൊതുജനങ്ങൾക്ക് പരാതി നൽകാനുള്ള രാഷ്ട്രപതിയുടെ സിറ്റിസൺ പോർട്ടലിൽ കയറി പരാതി നൽകിയ അഷ്‌റഫ് അതിൽ രാഷ്ട്രപതിയുടെതെന്ന മട്ടിൽ വ്യാജ മറുപടിയും സ്‌കാന്‍ ചെയ്‌ത് കയറ്റി.
ഇതോടെ, വെബ്സൈറ്റ് പരിശോധിക്കുന്ന ആർക്കും ഇതേ മറുപടി കാണാൻ പറ്റും. ഇതിന്‍റെ പകർപ്പെടുത്ത് നൽകിയാണ് അഷ്‌റഫ് ഉദ്യോഗസ്ഥരെ കബളിപ്പിക്കാൻ ശ്രമിച്ചത്. താൻ ഭരണഘടന വിദഗ്‌ധനും ഓൾ ഇന്ത്യ സിറ്റിസൺ ഫോറം പ്രസിഡന്‍റുമാണെന്നുമാണ് അഷ്റഫ് പൊലീസിനോട് പറഞ്ഞത്. വിശദമായ അന്വേഷണത്തിലാണ് പ്രതി റിട്ടയർഡ് ബാങ്ക് ജീവനക്കാരൻ ആണെന്ന് അറിയുന്നത്. കേസിൽ ഉമ്മർ കുട്ടിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ടൗൺ പൊലീസ് പറഞ്ഞു.
ALSO READ: കൊവിഡ് മരണം: അപ്പീലിനും സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ 10 മുതല്‍; അപേക്ഷിക്കേണ്ടത് എങ്ങനെ?