കണ്ണൂർ: അന്തർസംസ്ഥാന കള്ളനോട്ട് സംഘത്തിലെ രണ്ട് പേരെ തളിപ്പറമ്പ് ഡിവൈഎസ്‌പി ടി.കെ രത്‌നകുമാറിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പിടികൂടി. കെ.കെ ഖമറുദീൻ, അബ്‌ദുല്‍ സലാം എന്നിവരാണ് പിടിയിലായത്.
കർണാടകയിലെ കുടക് കുശാല്‍നഗറില്‍ ഒളിവില്‍ കഴിയവെയാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞ മാസം 25ന് എരിപുരത്തെ എടിഎം കൗണ്ടറില്‍ നിന്ന് 21,500 രൂപയുടെ കള്ളനോട്ട് കിട്ടിയ സംഭവത്തിലാണ് ഇരുവരെയും അറസ്റ്റ് ചെയ്‌തത്. എടിഎമ്മില്‍ നിക്ഷേപിക്കുന്ന നോട്ടുകൾ കള്ളനോട്ടാണെങ്കില്‍ അത് പ്രത്യേക അറയില്‍ വീഴുന്ന സംവിധാനം പുതിയ എടിഎം മെഷീനുകൾക്കുണ്ട്. നോട്ടുകൾ ശേഖരിക്കാനെത്തിയ ജീവനക്കാരാണ് കള്ളനോട്ടുകൾ തിരിച്ചറിഞ്ഞത്.
പഴയങ്ങാടി സിഐ എം രാജേഷാണ് ആദ്യം അന്വേഷണം ആരംഭിച്ചത്. പിന്നീട് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. നോട്ടുകൾ നിക്ഷേപിച്ച നമ്പർ പരിശോധിച്ചപ്പോൾ കുശാൽ നഗറിലെ മിസ്‌രിയ എന്ന യുവതിയുടെ പേരിലാണെന്ന് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് നിക്ഷേപിച്ച വ്യക്തിയെ കുറിച്ച് സൂചന ലഭിച്ചിരുന്നു. യുവതിയെ ചോദ്യം ചെയ്‌തപ്പോൾ ആദ്യം ഒഴിഞ്ഞുമാറിയിരുന്നു. എന്നാല്‍ യുവതിയുടെ ഭർത്താവിനെ അറസ്റ്റ് ചെയ്യും എന്ന ഘട്ടമെത്തിയപ്പോഴാണ് യുവതി വിവരങ്ങൾ വെളിപ്പെടുത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഖമറുദീനെയും അബ്‌ദുൽ സലാമിനെയും പിടികൂടിയത്.
കുശാല്‍നഗറിന് പുറമെ ബംഗളൂരു, മലപ്പുറം എന്നിവിടങ്ങളിലും അന്വേഷണം നടക്കുന്നുണ്ട്. വ്യാപക കണ്ണികളുള്ള ഒരു സംഘത്തിലെ ആളുകളാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു.