കണ്ണൂർ: 400 ഇനം വാഴകളും അവയുടെ പഴങ്ങളും. 15 ഇനം മഞ്ഞൾ. 12 ഇനം ചേമ്പുകൾ. 14 ഇനം കാച്ചിലുകൾ. 10 ഇനം തക്കാളി വിത്തുകൾ. കാഴ്‌ചക്കാർക്കും കർഷകർക്കും ഒരു പുതു ലോകം തുറക്കുകയാണ് ചെറുപുഴയിലെ വിത്തുത്സവം. ഫെയർ ട്രേഡ് അലൈൻസ് കേരളയുടെ പത്താമത് വിത്തുത്സവം വേറിട്ടതാകുന്നതും ഈ കാഴ്‌ചകൾ കൊണ്ടാണ്.
വിത്തുകൾക്ക് പുറമെ പഴയകാല കാർഷിക ഉപകരണങ്ങളുടെ ശേഖരവും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അളവ് തൂക്ക പാത്രങ്ങൾ, പുരയിട വിഭവങ്ങൾ എല്ലാം ഉണ്ട് മേളയിൽ. നാല് ജില്ലകളിൽ നിന്നുള്ള 70 ഓളം പ്രധാന സ്റ്റാളുകളാണ് ഇവിടെയുള്ളത്. വയനാട്, കാസർകോട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള വിവിധ സ്വയം സഹായ സംഘങ്ങളാണ് പ്രധാനമായും സ്റ്റാളുകൾ ഒരുക്കുന്നത്.
ഇവരെ കൂടാതെ കർണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള സ്റ്റാളുകളുമുണ്ട്. തദ്ദേശീയവും അന്യം നിന്നു പോകുന്നതുമായ വിത്തിനങ്ങളുടെയും നടീൽ വസ്‌തുക്കളുടെയും വളർത്തു മൃഗങ്ങളുടെയും അനന്യവും അതീവ വിപുലവുമായ കാഴ്‌ചയും കൈമാറ്റവുമാണ് വിത്തുത്സവത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ജനറൽ കൺവീനർ സണ്ണി ജോസഫ് പറയുന്നു. മലയോര കർഷക സമൂഹത്തിന് വാണിജ്യ നീതിയുടെ ന്യായവില ഉറപ്പുവരുത്തുക എന്ന പ്രഥമ ലക്ഷ്യവുമായി 2005ൽ രൂപീകൃതമായ സംഘടനയാണ് ഫെയർ ട്രേഡ് അലൈൻസ് കേരള.
ജൈവ വൈവിധ്യം, ഭക്ഷ്യ സുരക്ഷ, ലിംഗനീതി എന്നീ പ്രമേയങ്ങൾ ആസ്‌പദമാക്കി നടത്തുന്ന പ്രവർത്തനങ്ങളുടെ ജനകീയ മുഖമാണ് വിത്തുത്സവം. 4500ല്‍ പരം അംഗങ്ങളാണ് ഫെയർ ട്രേഡ് അലൈൻസ് കേരളയില്‍ ഉള്ളത്.