കണ്ണൂർ: ആലക്കോട് കാർത്തികപുരത്ത് ഹോട്ടലിന്‍റെ മറവിൽ ചാരായ നിർമാണവും വിൽപനയും നടത്തിവന്ന ഹോട്ടലുടമയെ ആലക്കോട് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കാർത്തികപുരം സ്വദേശി പുല്ലൂപ്പറമ്പിൽ മാത്തുക്കുട്ടി എന്ന സന്തോഷിനെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും 300 ലിറ്റർ വാഷും 20 ലിറ്റർ ചാരായവും പിടിച്ചെടുത്തു.
ആലക്കോട് എക്‌സൈസ് റെയ്ഞ്ച് ഓഫിസിലെ പ്രിവന്‍റീവ് ഓഫിസർ പി.ആർ സജീവിന്‍റെ നേതൃത്വത്തിലായിരുന്നു ഹോട്ടലിൽ റെയ്‌ഡ്. കാർത്തികപുരം ടൗണിലുള്ള ഹോട്ടൽ ബാബൂസ് എന്ന സ്ഥാപനം കേന്ദ്രീകരിച്ച് വൻതോതിൽ ചാരായ വിൽപന നടക്കുന്നതായി ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ദിവസങ്ങളായി ഹോട്ടൽ ഉടമയെ എക്‌സൈസ് നിരീക്ഷിച്ച് വരികയായിരുന്നു. വ്യാഴാഴ്ച രാവിലെ കട തുറക്കാൻ എത്തിയപ്പോഴാണ് എക്‌സൈസ് സംഘം ഇയാളെ പിടികൂടുകയും വിൽപനയ്ക്കായി സൂക്ഷിച്ച 20 ലിറ്റർ ചാരായവും ചാരായം നിർമിക്കുവാൻ തയാറാക്കി വച്ച 300 ലിറ്റർ വാഷും കണ്ടെടുക്കുന്നതും. ഹോട്ടലിന്‍റെ മൂന്നാമത്തെ നിലയിൽ നിന്നാണ് ഇവ കണ്ടെടുത്തത്.
Also read: മുതലപ്പൊഴി നിര്‍മാണത്തില്‍ അപാകതയുണ്ടോയെന്ന് പരിശോധിക്കും: സജി ചെറിയാൻ
ഇയാൾക്കെതിരെ അബ്‌കാരി നിയമപ്രകാരം കേസെടുത്ത എക്‌സൈസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഓണം സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി കർശന പരിശോധന എക്‌സൈസിന്‍റെ ഭാഗത്ത് നിന്നും നടന്നുവരികയാണ്. പ്രിവന്‍റീവ് ഓഫിസർ ഗ്രേഡ് കെ.കെ സാജൻ, സിവിൽ എക്‌സൈസ് ഓഫിസർമാരായ പി. ഷിബു, എം. സുരേന്ദ്രൻ വി.ധനേഷ്, ഡ്രൈവർ ജോജൻ എന്നിവരും റെയ്‌ഡിൽ ഉണ്ടായിരുന്നു.