കണ്ണൂര്‍: ക്രിസ്‌മസ് -പുതുവത്സര ആഘോഷങ്ങള്‍ കൊഴിപ്പിക്കാന്‍ കര്‍ണാടകത്തില്‍ നിന്നും കേരളത്തിലേക്കുളള ലഹരി -മദ്യക്കടത്ത് തടയുന്നതിനായി കേരള-കര്‍ണാടക അതിര്‍ത്തിയായ കൂട്ടുപുഴയില്‍ എക്‌സ്സൈസും പോലീസും വാഹന പരിശോധന ശക്തമാക്കി(Excise And Police Officials Intensify Checking At Karnataka Kerala Borders).
മദ്യം,ലഹരി ഉത്പ്പന്നങ്ങള്‍ , കള്ളപ്പണം എന്നിവ കടത്തുന്നത് തടയാന്‍ ന്യു ഇയര്‍ സ്‌പെഷല്‍ ഡ്രൈവിന്‍റെ ഭാഗമായാണ് നടപടി. 24 മണിക്കൂറും മുടങ്ങാതെ പരിശോധന നടത്തുന്നുണ്ട്. നിലവിലുള്ള പരിശോധനക്ക് പുറമേ കണ്ണൂര്‍ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്‍റ് ആന്‍റി നെര്‍ക്കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡും അതിര്‍ത്തിയില്‍ ക്യാമ്പു ചെയ്യുന്നുണ്ട്. കൂട്ടുപുഴയിലെ എയിഡ് പോസ്റ്റിലേക്ക് കൂടുതല്‍ പോലീസിനെ നിയോഗിച്ചിട്ടുണ്ട്.
കര്‍ണാടകയില്‍ നിന്നെത്തുന്ന യാത്രാ വാഹനങ്ങളും ചരക്കു വാഹനങ്ങളും വിശദമായ പരിശോധനക്ക് വിധേയമാക്കിയാണ് കടത്തി വിടുന്നത്. നേരത്തെ പാന്‍ ഉത്പ്പന്നങ്ങളാണ് ഇത് വഴി കടത്തിയിരുന്നത്. ഇപ്പോള്‍ കഞ്ചാവും എം.ഡി. എം.എ യും ഉള്‍പ്പെടെയുളള മാരക ലഹരി മരുന്നുകളും അതിര്‍ത്തി കടന്ന് വ്യാപകമായി എത്തുന്നുണ്ട്. വന്‍തോതില്‍ കര്‍ണാടക മദ്യവും പുതുവത്സര ആഘോഷങ്ങള്‍ക്കായി എത്താനുള്ള സാധ്യതയും അതിര്‍ത്തിയില്‍ ജാഗ്രത ശക്തമാക്കിയതിന് പിന്നിലുണ്ട്.
കര്‍ണാടക എക്‌സൈസ് സംഘത്തിന്‍റെ നേതൃത്വത്തില്‍ മാക്കൂട്ടം ചുരം റോഡ് കേന്ദ്രീകരിച്ചുള്ള പരിശോധനയും ശക്തമാണ്. മാക്കൂട്ടം പോലീസ് ചെക്ക് പോസ്റ്റിലും വാഹനങ്ങള്‍ വിശദമായി പരിശോധിക്കുന്നുണ്ട്. നേരത്തെ കര്‍ണാടക-കേരളാ ട്രാന്‍സ്‌പോര്‍ട്ട് ബസ്സുകളിലും ടൂറിസ്റ്റ് ബസ്സുകളിലും യാത്രക്കാരെന്ന വ്യാജേന ലഹരി മരുന്ന് കടത്തിയിരുന്നു. മൈസൂരു, അമ്മത്തി, വീരാജ്‌പേട്ട തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് ലഹരി മരുന്നും മദ്യവും കേരളത്തിലെത്തുന്നത്. കഴിഞ്ഞ ദിവസം സ്‌പെഷല്‍ സ്‌ക്വാഡ് തലശ്ശേരി സ്വദേശികളായ രണ്ട് യുവാക്കളെ കഞ്ചാവും എംഡി.എം മുമായും പിടികൂടിയിരുന്നു.